ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ഉടൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ടീസ്തയ്ക്ക് ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചോദ്യം ചെയ്തു. ഹൈക്കോടതി നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നതിനാൽ ഹർജിക്കാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ജൂലൈ ഒന്നിന് ടീസ്തയുടെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തളളിയിരുന്നു. ഉടൻ കീഴടങ്ങണമെന്ന് നിർദേശിക്കുകയും ചെയ്തു. അതേ ദിവസം തന്നെ സുപ്രീംകോടതി പ്രത്യേക സിറ്റിംഗിലൂടെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കേസിൽ നേരത്തെ ടീസ്ത സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.