ഡല്ഹി: ദക്ഷിണാഫ്രിക്കയില് നിന്നും നമീബിയയില് നിന്നും മധ്യപ്രദേശിലെ കുനോ നാഷണല് പാര്ക്കിലേക്ക് മാറ്റിയ ചീറ്റപ്പുലികളുടെ മരണത്തില് ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഇതൊരു അഭിമാന പ്രശ്നം ആക്കരുതെന്നും പരിഹരിക്കാന് അനുകൂലമായ നടപടികള് കൈക്കൊള്ളണമെന്നും കോടതി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് ചത്തത്.
എല്ലാ ചീറ്റകളെയും ഒരു പ്രദേശത്ത് നിര്ത്തിയത് എന്തിനാണെന്നും ചീറ്റകളെ രാജസ്ഥാനിലേക്ക് സുരക്ഷിതമായി മാറ്റാന് സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.സര്ക്കാര് എന്ന നിലയില് അഭിമാനകരമായ പദ്ധതിക്കായി പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് സര്ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ബെഞ്ചിനോട് പറഞ്ഞത്. ചീറ്റകളെ സ്ഥലം മാറ്റുമ്പോള് 50 ശതമാനത്തോളം മരണം പ്രതീക്ഷിച്ചിരുന്നുവെന്നും സര്ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
ചീറ്റകളുടെ മരണവുമായി ബന്ധപ്പെട്ട് പഠനം നടക്കുകയാണെന്നും കേന്ദ്രം മറുപടി നല്കി. 2020ല് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില് നിന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഉപദേശം തേടുന്നത് നിര്ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്പ്പിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ടു ചീറ്റകളെ 2022 സെപ്തംബര് 17നാണ് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്നും എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. പീന്നിട് ഉണ്ടായ 4 ചീറ്റ കുഞ്ഞുങ്ങള് അടക്കം 24 ചീറ്റകളാണ് കുനോയില് ഉണ്ടായിരുന്നത്. എട്ട് ചീറ്റകള് ചത്തതോടെ ഇപ്പോള് കുനോയിലെ ചീറ്റകളുടെ എണ്ണം 16 ആയി കുറഞ്ഞിട്ടുണ്ട്.