
ന്യൂഡല്ഹി: ഒഡിഷയിലെ ട്രെയിന് ദുരന്തത്തിന് കാരണമായത് സിഗ്നലിലെ തകരാറെന്ന് റെയില്വേ മന്ത്രാലയം. അപകടത്തില് മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും റിപ്പോര്ട്ടിലുണ്ട്. രാജ്യസഭയില് എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും വലിയ ട്രെയിന് അപകടമായിരുന്നു ജൂണില് ബാലസോറില് സംഭവിച്ചത്. അപകടത്തില് 295 പേര് മരിക്കുകയും ആയിരത്തോളം ആളുകള്ക്ക് പരിക്കേല്ക്കുകയും ചെയ്തു. നോര്ത്ത് സിഗ്നല് ഗൂംട്ടി സ്റ്റേഷനില് നടത്തിയിരുന്ന സിഗ്നലിങ് സര്ക്യൂട്ട് മാറ്റത്തിലെ പിഴവും 94-ാം ലെവല് ക്രോസിങിലെ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിഗ്നലിങ് ജോലിയില് സംഭവിച്ച പാളിച്ചയും അപകടത്തിന് കാരണമായി. അത് കോറമണ്ഡല് എക്സ്പ്രസിന് തെറ്റായ ലൈനില് ഗ്രീന് സിഗ്നല് ലഭിക്കാന് കാരണമായെന്നും റിപ്പോര്ട്ടില് പറയുന്നു.
എംപിമാരായ മുകുള് വാസ്നിക്, ജോണ് ബ്രിട്ടാസ്, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങള്ക്കായിരുന്നു റെയില്വേ മന്ത്രാലയത്തിന്റെ മറുപടി. സര്ക്കാര് പ്രഖ്യാപിച്ച സഹായധനത്തിനായി 258 അപേക്ഷകള് ലഭിച്ചു. ഇതില് 51 പേര്ക്ക് ഇതുവരെ നഷ്ടപരിഹാരം നല്കി. ജൂലൈ 16 വരെ 29.49 കോടി നഷ്ടപരിഹാരമായി നല്കിയിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള് ഭുവനേശ്വറിലെ എയിംസില് സൂക്ഷിച്ചിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയില് സമാനമായ അപകടങ്ങള് ഉണ്ടായേക്കാന് കാരണമായേക്കാവുന്ന സിഗ്നല് വീഴ്ചകള് സംബന്ധിച്ച ചോദ്യത്തിന് റെയില്വേ മന്ത്രാലയം വ്യക്തമായ മറുപടി നല്കിയില്ല. ബാലസോറിന് സമാനമായ അപകടമുണ്ടാക്കുന്ന തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു മറുപടി.