ഭൂവനേശ്വര്: രാജ്യത്ത് ഏറ്റവും കൂടുതല് കാലം ചുമതലയിലിരുന്ന മുഖ്യമന്ത്രിമാരായതില് രണ്ടാം സ്ഥാനത്തെത്തി ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായിക്. നേരത്തെ രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാള് മുന് മുഖ്യമന്ത്രി ജ്യോതി ബസു ആയിരുന്നു. അദ്ദേഹത്തിന്റെ കാലയളവ് മറികടന്നാണ് പട്നായിക് രണ്ടാമതെത്തിയത്. നവിന് പട്നായിക് 23 വര്ഷവും 138 ദിവസവുമാണ് പിന്നിട്ടിരിക്കുന്നത്. ജ്യോതി ബസു 2000 നവംബര് അഞ്ച് വരെ 23 വര്ഷവും137 ദിവസവുമാണ് പദവിയിലിരുന്നത്.
സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്കുമാര് ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി. 1994 ഡിസംബര് 12 മുതല് 2019 മെയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2024 ലും ഒഡിഷയില് മുഖ്യമന്ത്രിയായി നവിന് പട്നായിക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില് ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയാവുകയെന്ന റെക്കോര്ഡ് അദ്ദേഹത്തിന്റെ പേരിലാകും.
നേട്ടത്തില് നവിന് പട്നായികിനെ കോണ്ഗ്രസ് ഒരേ സമയം അഭിനന്ദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്രയും കാലം ഭരിച്ചെങ്കിലും അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അതില് തങ്ങള് ദുഃഖിതരാണെന്നും കോണ്ഗ്രസ് നേതാവ് എസ്എസ് സലുജ പറഞ്ഞു.