ഇംഫാൽ: മിസോറാമിൽ നിന്ന് മെയ്തികളെ വിമാനമാർഗം കൊണ്ടുവരാൻ എൻ ബിരേൻ സിങ് സർക്കാർ പദ്ധതിയിട്ടതായി റിപ്പോർട്ട്. മെയ്തികൾ അവരുടെ സുരക്ഷയ്ക്കായി സ്വന്തം സംസ്ഥാനത്തേക്ക് പോകണമെന്ന് മിസോറാമിലെ സായുധ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് മണിപ്പൂർ സർക്കാരിന്റെ ഈ നീക്കം. മെയ് നാലിന് രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ മിസോ യുവാക്കൾക്കിടയിൽ രോഷമുണ്ടെന്ന് സംഘടന പറഞ്ഞതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഐസ്വാൾ-ഇംഫാൽ, ഐസ്വാൾ-സിൽച്ചാറിനുമിടയിൽ സർവീസ് നടത്തുന്ന പ്രത്യേക എടിആർ വിമാനങ്ങളിൽ മിസോറാമിൽ നിന്ന് ആളുകളെ എത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ഐസ്വാളിൽ മെയ്തികൾക്കായി മിസോറാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെലെസിഹിലെ വെറ്റി കോളേജിലും മിസോറം യൂണിവേഴ്സിറ്റിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മെയ്തികളെ ഒഴിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും ഒഴിപ്പിക്കൽ എപ്പോൾ ആരംഭിക്കുമെന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മണിപ്പൂരിൽ നിന്നും തെക്കൻ ആസാമിൽ നിന്നുമുള്ള ആയിരക്കണക്കിന് മെയ്തികൾ മിസോറാമിൽ താമസിക്കുന്നുണ്ട്. 'ഐസ്വാളിൽ നിന്ന് മെയ്തികളെ എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ എപ്പോൾ ഒഴിപ്പിക്കൽ നടക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,' ഐസ്വാളിൽ താമസിക്കുന്ന ഒരു മെയ്തി വിദ്യാർത്ഥി ഇന്ത്യ ടുഡേയോട് പറഞ്ഞു.
'മിസോറാമിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. മണിപ്പൂരിൽ നടന്നിട്ടുളള പ്രാകൃതവും ഹീനവുമായ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ മെയ്തികൾക്ക് ഇനി മിസോറാമിൽ താമസിക്കുന്നത് സുരക്ഷിതമല്ല,' ഐസ്വാളിലെ മുൻ സായുധ സംഘടനയായ പിഎഎംആർഎ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ മിസോ സ്റ്റുഡന്റ്സ് യൂണിയൻ (എംഎസ്യു) മിസോറാമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെയ്തികളുടെ സെൻസസ് നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
അതിനിടെ, മെയ്തികൾ സുരക്ഷിതരായിരിക്കുമെന്ന് മിസോറാം സർക്കാർ ഉറപ്പു നൽകി. കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് മിസോറാം സർക്കാർ പറഞ്ഞതായും പിടിഐ റിപ്പോർട്ട് ചെയ്തു.