ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ജനതാദള് എസ് ഒറ്റക്ക് മത്സരിക്കുമെന്ന് എച്ച് ഡി ദേവ ഗൗഡ. എന്ഡിഎയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യസാധ്യതയും ദേവ ഗൗഡ തള്ളിക്കളഞ്ഞു. കോണ്ഗ്രസ് സര്ക്കാരിനെതിരെ ബിജെപിയുമായി ചേര്ന്ന് പ്രവര്ത്തിക്കുമെന്ന് കഴിഞ്ഞ ആഴ്ച ദേവ ഗൗഡയുടെ മകനും മുന്മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാര സ്വാമി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയും ജെഡിഎസും തമ്മില് സഖ്യത്തില് മത്സരിക്കുമെന്ന അഭ്യൂഹങ്ങള് പ്രചരിക്കപ്പെട്ടിരുന്നു.
അഞ്ചോ ആറോ മൂന്നോ രണ്ടോ ഒരൊറ്റ സീറ്റോ ലഭിച്ചാല് പോലും ഒറ്റക്ക് സ്വതന്ത്രമായി മത്സരിക്കുമെന്നായിരുന്നു ദേവ ഗൗഡയുടെ നിലപാട്. ശക്തിയുള്ള ഇടങ്ങളില് പ്രദേശത്തെ പ്രവര്ത്തകരോട് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ദേവ ഗൗഡ വ്യക്തമാക്കിയിരുന്നു.
നേരത്തെ ജെഡിഎസ് ബിജെപിയുടെ സഖ്യ കക്ഷിയാകുമെന്ന് പാര്ട്ടി നേതാവും കര്ണാടക മുന് മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സൂചിപ്പിച്ചിരുന്നു. ബിജെപിയുമായി സഹകരിച്ച് കോണ്ഗ്രസിനെതിരെ നില്ക്കും. പാര്ട്ടിയുടെ കാര്യത്തില് അന്തിമ തീരുമാനമെടുക്കാന് മുതിര്ന്ന നേതാവും മുന് പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവ ഗൗഡ തനിക്ക് അധികാരം നല്കിയിട്ടുണ്ടെന്നും കുമാരസ്വാമി സൂചിപ്പിച്ചിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും കുമാരസ്വാമി നേരത്തെ സൂചിപ്പിച്ചിരുന്നു. ജെഡിഎസിന്റെ നിയമസഭാകക്ഷി യോഗത്തിലെ ചര്ച്ചകളെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു കുമാരസ്വാമി ഇത്തരത്തില് പ്രതികരിച്ചത്.
ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാര്ട്ടികളായതിനാല് യോജിച്ച് പ്രവര്ത്തിക്കാന് താല്പര്യമുണ്ടെന്ന് നേരത്തെ നിയമസഭയിലും താന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പാര്ട്ടി എംഎല്എമാരുമായി ചര്ച്ച ചെയ്തു. സഖ്യമാകുന്നതില് എല്ലാ നേതാക്കളുടെയും അഭിപ്രായം തേടണമെന്ന് ദേവ ഗൗഡ നിര്ദേശിച്ചതായും കുമാര സ്വാമി സൂചിപ്പിച്ചിരുന്നു.
'31 ജില്ലകളിലും കോണ്ഗ്രസ് സര്ക്കാര് നടത്തുന്ന കൊളളരുതായ്മകള്ക്കെതിരെ ശബ്ദമുയര്ത്തും. എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യമുളള പത്തംഗ ടീമിനെ രൂപീകരിക്കാനും തീരുമാനമായി. പാര്ലമെന്റ് തിരഞ്ഞെടുപ്പിന് ഇനിയും 11 മാസമുണ്ട്. പാര്ലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോള് നോക്കാം. പാര്ട്ടിയെ സംഘടിപ്പിക്കാനാണ് നിര്ദേശം. പാര്ട്ടിയുടെ കാര്യത്തില് അന്തിമ തീരുമാനമെടുക്കാന് തനിക്ക് അധികാരമുണ്ടെന്ന് ദേവ ഗൗഡ പറഞ്ഞിട്ടുണ്ട്' കുമാര സ്വാമി വ്യക്തമാക്കിയിരുന്നു.