ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്ന് തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയും അദ്ദേഹത്തിന്റെ ഭാര്യ മെഗലയും സുപ്രീംകോടതിയിൽ. കേസിൽ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ തീരുമാനത്തെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രിയും ഭാര്യ മെഗലയും രണ്ട് വ്യത്യസ്ത ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
2022 ലെ വിജയ് മദൻലാൽ ചൗധരി വിധിയിൽ ഇഡി ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇഡിക്ക് പൊലീസ് കസ്റ്റഡിക്ക് അർഹതയുണ്ടെന്ന് കോടതി വിധിച്ചാൽ, ഇഡി ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവരുമെന്നും കബിൽ സിബൽ വാദിച്ചു. ഇഡി ഉദ്യോഗസ്ഥർ പൊലീസ് അധികാരം ആസ്വാദിക്കുകയാണെങ്കിൽ അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും കബിൽ സിബൽ കൂട്ടിച്ചേർത്തു.
കസ്റ്റംസ് നിയമത്തിലെയും ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെയും (ഫെറ) ചട്ടങ്ങൾ പ്രകാരം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുവാദമില്ലെന്നും കബിൽ സിബൽ പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ട പ്രകാരം കസ്റ്റംസ് വകുപ്പിന് വേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് സംസ്ഥാന പൊലീസാണ് കസ്റ്റംസ് ഉദ്യോഗസ്ഥരല്ല. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡി ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നും കബിൽ സിബൽ വ്യക്തമാക്കി.
സെന്തിൽ ബാലാജിക്കെതിരെ തെളിവെടുപ്പിന് ശേഷമാണ് പരാതി നൽകുന്നതെന്നും കബിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണ ഏജൻസിയുടെ അറസ്റ്റ് ശരിവെച്ച് മദ്രാസ് ഹൈക്കോടതി ജൂലൈ 14ന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ബാലാജിയും ഭാര്യ മെഗലയും സമർപ്പിച്ച ഹർജികളിൽ ജൂലൈ 21 ന് സുപ്രീംകോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു.