ചെന്നൈ: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ അരിക്കൊമ്പൻ കോതയാറിൽ സുഖമായി കഴിയുന്നുവെന്ന് വനംവകുപ്പ്. രണ്ടു കുട്ടിയാനകളുൾപ്പെടെ പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്റെ സുഖവാസം. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ കൊമ്പനെ നിരീക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു.
ജൂൺ മുതൽ അരിക്കൊമ്പൻ കോതയാറിൽ തന്നെ തുടരുകയാണ്. നാല് മാസമായി ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ നാടുകടത്തിയിട്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുളള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുളള സാധ്യത തമിഴ്നാട് വനംവകുപ്പ് തളളിക്കളയുന്നില്ല.
കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ നേരത്തെ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ചിന്നക്കനാലിൽ ആഴ്ചയിലൊരിക്കലെങ്കിലും ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തുമായിരുന്നു. അവിടെ നിന്ന് പിടികൂടി പെരിയാറിലേക്ക് മാറ്റിയപ്പോഴും അരി തേടിയുളള കൊമ്പന്റെ ശീലത്തിൽ മാറ്റം വരുത്തിയിരുന്നില്ല.
മേഘമലയിലെ എസ്റ്റേറ്റിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അരിക്കൊമ്പൻ കുമളിയിലേക്കും കമ്പത്തേക്കും നടന്നെത്തിയിരുന്നു. കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് കളക്കാട്ടേക്ക് മാറ്റിയ അരിക്കൊമ്പന് വലിയ മാറ്റമാണുണ്ടായത്. തുമ്പിക്കൈയ്യിലെ മുറിവും തുടർച്ചയായി ഏറ്റ മയക്കുവെടികളും കൊമ്പന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു.