ഡൽഹി: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി തന്റെ വസതിയിലെത്തിയ ഹരിയാനയിൽ നിന്നുള്ള കർഷക സ്ത്രീകളുമായുള്ള സോണിയാ ഗാന്ധിയുടെ സംവാദത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. കർഷക സ്ത്രീകൾക്കായി സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിൽ നിന്നുള്ളതാണ് വീഡിയോ. കർഷക സ്ത്രീകൾക്കൊപ്പം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംവദിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമുൾപ്പടെയുള്ള വീഡിയോ രാഹുൽ ഗാന്ധിയാണ് ആദ്യം ട്വിറ്ററിൽ പങ്കുവച്ചത്. ഇപ്പോൾ അതിലെ ഒരു ഭാഗമാണ് ശ്രദ്ധേയമാകുന്നത്.
'രാജീവ് ജിയുടെ മരണശേഷം നിങ്ങൾ എങ്ങനെയാണ് ആ സാഹചര്യം കൈകാര്യം ചെയ്തത്' എന്ന സോണിയാ ഗാന്ധിയോടുള്ള ഒരു കർഷക സ്ത്രീയുടെ ചോദ്യവും അതിനുള്ള മറുപടിയുമാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് തന്റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്. ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ എങ്ങനെ നേരിട്ടുവെന്ന് കർഷകയായ സ്ത്രീ സോണിയാ ഗാന്ധിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
അതുണ്ടാക്കിയ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു നിർത്തി. അമ്മ കുറേ ദിവസം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവുമെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കുമെന്നും മറ്റൊരു കർഷകസ്ത്രീ പറയുന്നതും വീഡിയോയിൽ കാണാം.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ സോനിപത്തിലെത്തിയ രാഹുൽ ഗാന്ധി അവിടത്തെ കർഷകരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കർഷക സഹോദരിമാർ ഡൽഹിയിലെത്തിയെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടുവെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.