ന്യൂഡൽഹി: മണിപ്പൂരിലെ കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരുടെ മൊഴി തത്കാലം രേഖപ്പെടുത്തരുതെന്ന് സിബിഐയോട് സുപ്രീംകോടതി. നിർദേശം സിബിഐയെ അറിയിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി പരിഗണിക്കും.
കേസില് സിബിഐ അന്വേഷണം വേണ്ടെന്ന് അതിജീവിതമാര് തിങ്കളാഴ്ച സുപ്രീംകോടതിയില് പറഞ്ഞിരുന്നു. വിചാരണ അസമിലേക്ക് മാറ്റുന്നതിലും ഇരുവരും എതിര്പ്പ് അറിയിച്ചിരുന്നു. വിചാരണ എവിടേക്ക് മാറ്റണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര് ജനറല് കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ മേല്നോട്ടത്തില് സ്വതന്ത്ര അന്വേഷണം വേണമെന്നാണ് വനിതകള് ആവശ്യപ്പെട്ടിരുന്നത്. സിബിഐ അന്വേഷണത്തില് വിശ്വാസമില്ലെന്നും അതിജീവിതമാര്ക്ക് വേണ്ടി ഹാജരായ കപില് സിബല് കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും സുപ്രീംകോടതിയില് ഹര്ജി നല്കിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഹര്ജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സമൂഹ മാധ്യമങ്ങളില് പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്ശിച്ചിരുന്നു. തുടര്ന്ന് കോടതി സ്വമേധയാ കേസെടുക്കുകയുമുണ്ടായി. പ്രചരിച്ച ദൃശ്യങ്ങള് ഭരണഘടനാ സംവിധാനങ്ങളുടെ വീഴ്ച്ചയാണെന്നും കോടതി വിമര്ശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്തത്.