അലഹാബാദ്: ഗ്യാന്വാപിയില് സർവ്വേക്ക് അനുമതി. അലഹബാദ് ഹൈക്കോടതിയാണ് ആര്ക്കിയോളജിക്കല് സര്വെ ഓഫ് ഇന്ത്യയുടെ സർവ്വേക്ക് അനുമതി നല്കിയത്. നീതി നടപ്പിലാക്കാൻ സർവ്വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി സർവ്വെക്ക് അനുമതി നൽകിയത്. അന്ജുമന് മസ്ജിദ് ഭരണസമിതി സർവ്വേ നടത്തുന്നതിനെതിരെ നൽകിയ അപ്പീല് ഹൈക്കോടതി തള്ളി.
ഗ്യാന്വാപി പരിസരത്ത് ആര്ക്കിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യയുടെ സര്വ്വേ ആകാമെന്ന് വാരാണസി കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രസ്താവം. നീതിനടപ്പിലാകണമെങ്കില് ശാസ്ത്രീയമായ സര്വ്വേ അനിവാര്യമാണ് എന്ന നീരീക്ഷണമാണ് ചീഫ് ജസ്റ്റിസ് പ്രീതിന്കര് ദിവാകറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയിരിക്കുന്നത്.
ഗ്യാന്വാപി മസ്ജിദ് പരിസരത്ത് എഎസ്ഐ സര്വ്വേ നടത്താമെന്ന വാരാണസി കോടതിയുടെ വിധി ചോദ്യം ചെയ്ത് അന്ജനമാന് മോസ്ക് ഭരണസമിതി നല്കിയ ഹര്ജിയില് ജൂലൈ 25ന് അലഹബാദ് ഹൈക്കോടതി സ്റ്റേ നല്കിയിരുന്നു. നാല് ഹിന്ദുമത വിശ്വാസികളായ യുവതികള് നല്കിയ ഹര്ജിയിലായിരുന്നു വാരാണസി ജില്ലാ കോടതിയുടെ വിധി. മോസ്കിനുള്ളില് അരാധന നടത്താന് അനുമതി നല്കണമെന്നായിരുന്നു ഹര്ജി.
നേരത്തെ ജൂലൈ 24ന് എഎസ്ഐ സര്വ്വേ നടത്താനുള്ള വാരാണസി കോടതി വിധി ജൂലൈ 26വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മസ്ജിദ് ഭരണസമിതിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്കുന്നതിനായിരുന്നു സുപ്രീം കോടതി സ്റ്റേ. പിന്നീട് അലഹബാദ് ഹൈക്കോടതി ഈ സ്റ്റേ ജൂലൈ 27 മുതല് ഇതേ ദിവസം വരെ തുടരാന് ഉത്തരവിട്ടിരുന്നു.