ഇംഫാല്: മണിപ്പൂരിലെ എന് ബിരേന് സിംഗ് സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ച് കുക്കി പീപ്പിള്സ് അലയന്സ്. സംസ്ഥാനത്തെ സംഘര്ഷം അവസാനിപ്പിക്കാന് സര്ക്കാര് ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് രണ്ട് എംഎല്എമാരുള്ള കുക്കി പീപ്പിള്സ് അലയന്സ് പിന്തുണ പിന്വലിച്ചത്. നിലവിലെ അവസ്ഥ സൂക്ഷമമായി വിലയിരുത്തി ഇനിയും സര്ക്കാരിനെ പിന്തുണക്കുന്നത് ഫലവത്തല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ പിന്വലിക്കുന്നതെന്ന് കുക്കി പീപ്പിള്സ് അലയന്സ് പ്രസ്താവനയില് വ്യക്തമാക്കി. പാര്ട്ടി പിന്തുണ പിന്വലിച്ചെങ്കിലും സര്ക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാല് താഴെ വീഴില്ല.
അതേ സമയം പത്ത് കമ്പനി കേന്ദ്ര സേനയെ കൂടി മണിപൂരിലേക്ക് കേന്ദ്ര സര്ക്കാര് അയച്ചു. ബിഷ്ണുപൂര്-ചുരാചന്ദ്പൂര് അതിര്ത്തിയില് സംഘര്ഷം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വിവിധ ജില്ലകളിലായി സൈന്യത്തെ വിന്യസിക്കും. അര്ധ സൈനിക വിഭാഗങ്ങളായ സിആര്പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിവയിലെ ഏകദേശം 900 ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. സംഘര്ഷം ശക്തമായതോടെയാണ് കേന്ദ്രം കൂടുതല് സൈന്യത്തെ അയച്ചത്.
കൊള്ളയടിച്ച 1,195 ആയുധങ്ങളും 14, 322 വിവിധ തരം വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തതായി മണിപ്പൂര് പൊലീസ് പറഞ്ഞു. മെയ്തെയ് മേഖലയില് നിന്നും 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കുക്കി മേഖലകളില് നിന്നും 138 ആയുധങ്ങളും 121 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.
കലാപം ആരംഭിച്ചതിന് ശേഷം നാല്പ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരില് വിന്യസിച്ചിരുന്നു. കരസേന, അസം റൈഫിള്സ്, സെന്ട്രല് ആംഡ് പൊലീസ് ഫോഴ്സ് എന്നിവയില്നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്.
പൊലീസും കേന്ദ്ര സേനയും ഒരു വിഭാ?ഗത്തെ മാത്രം പിന്തുണക്കുന്നുവെന്ന ആരോപണങ്ങള് ഉയര്ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില് ആറ് പേര് മരിച്ചിരുന്നു. കുക്കികളും കേന്ദ്ര സേനയുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. കാങ്വായിലും ഫൗഗാക്ചോയിലും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില് 25-ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.