ഇംഫാല്: മണിപ്പൂര് വിഷയത്തിലുള്ള ഒരു കൂട്ടം ഹര്ജികളില് സുപ്രീം കോടതിയില് വാദം തുടങ്ങി. മണിപ്പൂര് സംഘര്ഷങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി രാജീവ് സിംഗ് സുപ്രീം കോടതിയില് ഹാജരായി.
പക്വമായ രീതിയിലാണ് സര്ക്കാര് കേസ് കൈകാര്യം ചെയ്തതെന്ന് കേസ് പരിഗണിച്ച ഉടന് അറ്റോര്ണി ജനറല് കോടതിയുടെ ശ്രദ്ധയില് പെടുത്തി. നേരത്തെ എഫ്ഐആറിന്റെ പട്ടിക കേന്ദ്രം തരംതിരിച്ച് നല്കിയിരുന്നു. സര്ക്കാര് പക്വതയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും എജി കോടതിയില് ചൂണ്ടിക്കാണിച്ചു. അക്രമസംഭവങ്ങളുടെ മുന ആര്ക്കെങ്കിലും നേരെ തിരിക്കരുതെന്ന് അഭിപ്രായപ്പെട്ട എജി എഫ്ഐആര് വിശകലനം ചെയ്തും കുറ്റകൃത്യത്തിന്റെ സ്വഭാവം വിശകലനം ചെയ്തുമാണ് റിപ്പോര്ട്ടുകള് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാണിച്ചു. ബലാത്സംഗ കേസുകള് വനിതാ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി.
മണിപ്പൂരില് പ്രത്യേക സമിതി വേണമെന്ന ആവശ്യം വാദത്തിനിടെ മുതിര്ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ഉയര്ത്തിയിരുന്നു. സുപ്രീം കോടതിക്ക് കീഴില് ഉന്നതാധികാര സമിതി വേണമെന്നും വിരമിച്ച വനിതാ ജഡ്ജിമാര് ഉള്പ്പെടുന്നതാവണം സമിതിയെന്നും ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. എസ്ഐടിയില് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അംഗങ്ങള് വേണം. എസ്ഐടി അന്വേഷണം സമയബന്ധിതമായി തീര്ക്കണമെന്നും ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടു.
കേസില് വാദം തുടരുകയാണ്.