ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷമുണ്ടെന്ന് അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിനെ മാറ്റില്ലെന്നും അമിത്ഷാ വ്യക്തമാക്കി. അവിശ്വാസപ്രമേയ ചർച്ചയുടെ ഭാഗമായി ലോക്സഭയിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പ്രതികരണം. മണിപ്പൂരില് ഉണ്ടായ അക്രമ സംഭവങ്ങളെ അംഗീകരിക്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ചു. മണിപ്പൂർ വിഷയത്തിൽ പാർലമെൻ്റിൽ പ്രതികരിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
മണിപ്പൂര് സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയെന്ന വിമർശനവും അമിത്ഷാ ഉയർത്തി. മണിപ്പൂരിലെ ആക്രമണത്തെക്കാള് അപലപനീയമാണ് അത് ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്നതെന്നായിരുന്നു അമിത്ഷായുടെ വിമര്ശനം.'മണിപ്പൂര് വിഷയത്തില് ചര്ച്ചയ്ക്ക് സര്ക്കാര് തയ്യാറല്ലെന്ന് പ്രതിപക്ഷം ജനങ്ങള്ക്ക് ഇടയില് വ്യാജ പ്രചരണം നടത്തി. മണിപ്പൂരിനെക്കുറിച്ച് പറയാന് ആഭ്യന്തര മന്ത്രിയെ അനുവദിക്കാത്തത് എന്ത് മര്യാദ? ആറ് വര്ഷമായി മണിപ്പൂരില് BJP സര്ക്കാരാണ് ഭരിക്കുന്നത്. കഴിഞ്ഞ ആറു വര്ഷത്തിനിടെ മണിപ്പൂരില് ഒരു ദിവസം പോലും കര്ഫ്യൂ, ബന്ദ് ഒന്നും ഉണ്ടായിട്ടില്ല; അമിത്ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെയും അമിത്ഷാ വിമർശിച്ചു. രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ അരങ്ങേറിയത് രാഷ്ട്രീയ നാടകമെന്നും അമിത്ഷാ കുറ്റപ്പെടുത്തി. 'യാത്രയ്ക്ക് ഹെലികോപ്ടർ നൽകാമെന്ന് പറഞ്ഞിട്ടും റോഡിലൂടെ യാത്ര ചെയ്തത് രാഷ്ട്രീയ നാടകം കളിക്കാൻ. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയം കളിക്കുന്നവരെ ജനം തിരിച്ചറിയും'; അമിത്ഷാ കുറ്റപ്പെടുത്തി.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തെക്കുറിച്ചും അമിത്ഷാ പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ ഇത് ലോകത്ത് എവിടെ നടന്നാലും ദുഃഖകരമാണെന്നും അഭിപ്രായപ്പെട്ടു. വിഡിയോ ദൃശ്യങ്ങൾ പാർലമെൻ്റ് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് എങ്ങനെ പുറത്ത് വന്നെന്ന ചോദ്യം മുന്നോട്ടുവെച്ച അമിത്ഷാ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് അല്ലേ നൽകേണ്ടിയിരുന്നത് എന്നും ചോദിച്ചു.
വീഡിയോ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. എല്ലാ പ്രതികളും ഇന്ന് നിയമ നടപടി നേരിടുന്നു. കുക്കി-മെയ്തെയ് മേഖലകൾക്ക് നടുവിൽ 36000 സുരക്ഷാ ഉദ്യോഗസ്ഥരുടെ ബഫർസോൺ സൃഷ്ടിച്ചു. മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് പരമാവധി വേഗത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമിക്കുമെന്നും മണിപ്പൂരിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാണിച്ച് അമിത്ഷാ പറഞ്ഞു.
മണിപ്പൂരില് എന്താണ് സംഭവിക്കുന്നതെന്ന ചെറുവിവരണവും അമിത്ഷാ ലോക്സഭയിൽ നൽകി. മ്യാന്മറില് പട്ടാള ഭരണത്തിന് എതിരെ അവിടുത്തെ കുക്കി വിഭാഗം പ്രതിഷേധിച്ചു. മ്യാന്മര് പട്ടാളം നടപടി ആരംഭിച്ചതോടെ അവര് ഇന്ത്യയിലേക്ക് വന്നു. വനങ്ങളില് അവര് താമസമാക്കി. ഇതിന് ശേഷമാണ് മണിപ്പൂരില് സര്ക്കാര് അതിര്ത്തി നിര്മാണം ആരംഭിച്ചത്. കുക്കികളുടെ നുഴഞ്ഞ് കയറ്റം മെയ്തെയ്കളില് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും അമിത്ഷാ പറഞ്ഞു. മെയ്തെയ് വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്കാന് ഉള്ള ഹൈക്കോടതി ഉത്തരവ് ആണ് ഇപ്പോഴത്തെ സംഘര്ഷത്തിന് കാരണമെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു.
മണിപ്പൂരില് ആരെല്ലാം പോയില്ല എന്നത് വിവാദമാക്കരുതെന്ന് ആവശ്യപ്പെട്ട അമിത്ഷാ സംഘര്ഷങ്ങളുടെ പഴയ ചരിത്രവും ഓര്മ്മപ്പെടുത്തി. 1993ല് പിവി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ നാഗാ-കുക്കി സംഘര്ഷം ഉണ്ടായി. 750 ആളുകള് ആണ് ഒന്നര വര്ഷം നീണ്ട സംഘര്ഷത്തില് മരിച്ചത്. അന്ന് മറുപടി പറഞ്ഞത് കേന്ദ്ര സഹമന്ത്രി രാജേഷ് പൈലറ്റ് ആണ്. അന്ന് കേന്ദ്ര മന്ത്രിമാര് മണിപ്പൂരില് പോയില്ല. അതെ ആളുകള് ആണ് ഇന്ന് പ്രധാനമന്ത്രി സംസാരിക്കണം എന്നാവശ്യപ്പെട്ട് പാര്ലമെന്റ് സ്തംഭിപ്പിക്കുന്നത്; അമിത്ഷാ പറഞ്ഞു. മണിപ്പൂരില് സമാധാനം പുനസ്ഥാപിക്കാന് ഉള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്ന് അമിത് ഷാ മറുപടി നല്കേണ്ടത് എന്റെ ചുമതലയാണെന്നും ചൂണ്ടിക്കാണിച്ചു. എന്നാല് അതിന് പ്രതിപക്ഷം അനുവദിച്ചില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. 2004 ൽ മൻമോഹൻ സിങ് പ്രധാന മന്ത്രി ആയിരിക്കെ 1700 ആളുകൾ ഏറ്റുമുട്ടലുകളില് കൊല്ലപ്പെട്ടു. അതിൽ ചർച്ച പോലും ഉണ്ടായില്ലെന്നും അമിത്ഷാ ഓർമ്മപ്പെടുത്തി. സാഹചര്യം കൊണ്ട് ഉണ്ടാകുന്ന സംഘർഷത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
അടിയന്തിര പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയിക്കും അമിത്ഷാ മറുപടി നല്കി. ഏറ്റവും കൂടുതല് വര്ഗീയ സംഘര്ഷങ്ങള് ഉണ്ടായത് നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്താണെന്നായിരുന്നു അമിത്ഷായുടെ ഓര്മ്മപ്പെടുത്തല്. കോണ്ഗ്രസിന്റെ ചൈനാ ബന്ധത്തെക്കുറിച്ചും അമിത്ഷാ ആക്ഷേപം ഉന്നയിച്ചു.ന്യൂസ് ക്ലിക്ക് ചൈന ഏജന്റ്സിന്റെ പണം കൊണ്ട് പ്രവര്ത്തിക്കുന്നു. യുപിഎ എന്ന പേര് മാറ്റിയത് 12 ലക്ഷം കോടി രൂപയുടെ അഴിമതി യുപിഎയുടെ പേരില് നടത്തിയതിനാലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില് ജനങ്ങളെ നേരിടാന് മടിയുള്ളത് കൊണ്ടാണ് പേര് മാറ്റി ഇന്ഡ്യ എന്നാക്കിയതെന്നും അമിത്ഷാ പരിഹസിച്ചു. യുപിഎ സര്ക്കാരിന്റെ അഴിമതികള് ചൂണ്ടിക്കാണിച്ച് വിമര്ശനം തുടര്ന്ന അമിത്ഷാ യുപിഎക്ക് പേര് മാറ്റലല്ലാതെ മറ്റ് വഴിയില്ലെന്നും ചൂണ്ടിക്കാണിച്ചു.