കൂടുതല് തിളക്കമുള്ള വിജയത്തോടെ 2024ല് ബിജെപി വീണ്ടും അധികാരത്തില് എത്തും; നരേന്ദ്ര മോദി

'അവിശ്വാസ പ്രമേയം ശുഭകരം'

dot image

ന്യൂഡല്ഹി: പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില് മറുപടി പറഞ്ഞു. ജനങ്ങള്ക്ക് നന്ദി പറഞ്ഞാണ് നരേന്ദ്രമോദി ചര്ച്ച ആരംഭിച്ചത്. പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ബിജെപിക്കും എന്ഡിഎക്കും ശുഭകരമാണെന്ന് മോദി അഭിപ്രായപ്പെട്ടു. 2024ലെ തിരഞ്ഞെടുപ്പില് ബിജെപിയും എന്ഡിഎയും കൂടുതല് ഭൂരിപക്ഷം നേടി അധികാരത്തില് തിരിച്ചുവരുമെന്ന് ഭരണപക്ഷ ബെഞ്ചുകളുടെ കൈയ്യടികൾക്കിടയില് മോദി പ്രഖ്യാപിച്ചു.

'അവിശ്വാസ പ്രമേയം ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു. ദൈവ നിശ്ചയം പ്രതിപക്ഷം അവിശ്വാസ പ്രമേയം ആയി കൊണ്ട് വന്നു. 2018ല് ഇത് തന്നെ സംഭവിച്ചു. പ്രതിപക്ഷത്തിന്റെ ഒപ്പമുള്ളവരുടെ വോട്ട് പോലും അവര്ക്ക് സമാഹരിക്കാന് കഴിഞ്ഞില്ല. ജനങ്ങള് പോലും പ്രതിപക്ഷത്തില് അവിശ്വാസം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില് എന്ഡിഎക്കും ബിജെപിക്കും സീറ്റുകള് വര്ദ്ധിച്ചു. 2024ലും ഇത് തന്നെ ആവര്ത്തിക്കും എല്ലാ റെക്കോര്ഡും ഭേദിച്ച് ബിജെപിയും എന്ഡിഎയും വീണ്ടും അധികാരത്തില് എത്തും' നരേന്ദ്രമോദി പറഞ്ഞു.

അവിശ്വാസ പ്രമേയം സര്ക്കാരിനുള്ള പരീക്ഷണം അല്ല, പ്രതിപക്ഷത്തിന് ഉള്ള പരീക്ഷണം ആണെന്ന് ചൂണ്ടിക്കാണിച്ച നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള് എന്ത് വിശ്വാസത്തില് പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോട് വിശ്വാസ വഞ്ചന കാണിച്ചുവെന്നും പറഞ്ഞു. രാജ്യത്തെക്കാളും പ്രധാനം മുന്നണി ആണെന്ന് പ്രതിപക്ഷം തെളിയിച്ചു. പാവപ്പെട്ടവന്റെ വിശപ്പിനേക്കാള് പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിനു വേണ്ടിയുള്ള വിശപ്പ് ആണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. യുവാക്കളുടെ ഭാവിയല്ല രാഷ്ട്രീയ ഭാവി ആണ് പ്രതിപക്ഷത്തിന് പ്രധാനമെന്നും മോദി ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലായിരുന്നു മറുപടി പ്രസംഗത്തില് നരേന്ദ്ര മോദി പരിഹസിച്ചത്. അവിശ്വാസ പ്രമേയചര്ച്ചയില് പ്രതിപക്ഷം നോ ബോള് എറിയുമ്പോള് ഭരണപക്ഷം സെഞ്ച്വറി അടിക്കുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം. അവിശ്വാസ പ്രമേയത്തില് എന്ത് തരത്തിലുള്ള ചര്ച്ചയാണ് നടത്തിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച നരേന്ദ്ര മോദി പ്രതിപക്ഷം വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് അവിശ്വാസവുമായി വന്നതെന്നും കുറ്റപ്പെടുത്തി. 'കുറച്ച് മുന്നൊരുക്കം എന്ത് കൊണ്ട് പ്രതിപക്ഷം നടത്തിയില്ല 5 വര്ഷം സമയം 2018ല് ഞാന് നല്കിയിരുന്നു'; എന്നായിരുന്നു പ്രതിപക്ഷത്തോടുള്ള മോദിയുടെ പരാമര്ശം. 2018ലെ അവിശ്വാസപ്രമേയ ചര്ച്ചയ്ക്കുള്ള മറുപടിയില് 2023ല് പ്രതിപക്ഷം അവിശ്വാസവുമായി വരണമെന്ന് മോദി പറഞ്ഞിരുന്നു. ഇത് ഓര്മ്മിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം.

രാജ്യം പ്രതിപക്ഷത്തെ നോക്കുകയാണ് പക്ഷെ എപ്പോഴും പ്രതിപക്ഷം ആളുകളെ നിരാശരാക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ കോണ്ഗ്രസിന്റെ നേതൃത്വത്തില് സഭയില് നടന്ന അവിശ്വാസ പ്രമേയ ചര്ച്ചകള് ഓര്മ്മിപ്പിച്ച് ഇത്തവണ പ്രതിപക്ഷത്തിന് നേതൃത്വം നല്കാന് ഒരു നേതാവില്ലായിരുന്നെന്നും കുറ്റപ്പെടുത്തി. നേരത്തെ ശരദ്പവാറും സോണിയാ ഗാന്ധിയും മല്ലികാര്ജ്ജുന് ഖാര്ഗെയും നേതൃത്വം നല്കിയ അവിശ്വാസ പ്രമേയ ചര്ച്ചയെ അനുസ്മരിച്ചായിരുന്നു ഇത്തവണ പ്രതിപക്ഷത്തിന് അത്തരത്തില് ചര്ച്ചയെ നയിക്കാന് ഒരു നേതാവുണ്ടായില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത്.

കോണ്ഗ്രസ് കക്ഷി നേതാവ് അധിര് രഞ്ജന് ചൗധരിക്ക് സംസാരിക്കാന് അവസരം നല്കാത്തതിനെയും നരേന്ദ്ര മോദി രൂക്ഷമായി പരിഹസിച്ചു. ചര്ച്ചയില് സംസാരിക്കുന്നവരുടെ പട്ടികയില് അധിര് രഞ്ജന് ചൗധരിയുടെ പേര് ഉണ്ടായിരുന്നില്ല. കോണ്ഗ്രസ് അധിര് രഞ്ജന് ചൗധരിയെ ഒറ്റപ്പെടുത്തുന്നത് എന്തിനാണ് അത് കൊല്ക്കത്തയില് നിന്നും ഫോണ്വന്നതു കൊണ്ടാണോ. അമിത് ഷാ പറഞ്ഞത് കൊണ്ടാണ് സ്പീക്കര് സമയം നല്കിയത്. എന്നാല് ആ അവസരം ശരിയായി ഉപയോഗിച്ചില്ല'; നരേന്ദ്ര മോദി പറഞ്ഞു. കോണ്ഗ്രസ് അധിര് രഞ്ജന് അപമാനിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ മോദി അധിര് രഞ്ജന് ചൗധരിയുടെ കാര്യത്തില് ദു:ഖം രേഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി.

കേന്ദ്ര സര്ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും സഭയിലെ മറുപടിയില് മോദി സൂചിപ്പിച്ചു. 'അഴിമതി മുക്ത ഭരണം ആണ് ഞങ്ങള് രാജ്യത്തെ യുവാക്കള്ക്ക് നല്കിയത്. ലോകത്തിന്റെ ഭാവിയില് ഭാരതത്തിന്റെ പങ്ക് ലോകം തിരിച്ചറിഞ്ഞു. ഇത്രയും അനുകൂല സാഹചര്യത്തില് പ്രതിപക്ഷം എന്താണ് ചെയ്തത്. അവിശ്വാസ പ്രമേയത്തിന്റെ രൂപത്തില് ജനങ്ങളുടെ പ്രത്യാശ തകര്ക്കാന് വിഫലശ്രമം നടത്തി'; മോദി പറഞ്ഞു.

തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്ന സ്വപ്നം പാവപ്പെട്ടവര്ക്കും ഇന്ന് കാണാന് കഴിയുമെന്ന് വ്യക്തമാക്കിയ നരേന്ദ്രമോദി കഴിഞ്ഞ 5 വര്ഷം കൊണ്ട് 13.5 കോടി ജനങ്ങള് ദാരിദ്ര്യത്തില് നിന്ന് മുക്തി നേടിയതായും ചൂണ്ടിക്കാണിച്ചു. 'ഇവര് ആരുടെ നാശം ആഗ്രഹിക്കുന്നോ അവര്ക്ക് നല്ലത് ഭവിക്കും അതിന് ഉദാഹരണം ആണ് ഞാന്. മറ്റൊരു ഉദാഹരണം ആണ് ബാങ്കിംഗ് മേഖല തകരും എന്ന ഇവരുടെ പ്രഖ്യാപനം. ഇത് സ്ഥാപിക്കാന് വിദേശത്ത് നിന്ന് വിദഗ്ദരെ വരെ കൊണ്ട് വന്നു. എന്നാല് സംഭവിച്ചത് എന്താണ്. പൊതുമേഖല ബാങ്കുകളുടെ ലാഭം രണ്ടിരട്ടിയിലേറെ ആയി'; മോദി ചൂണ്ടിക്കാണിച്ചു.

'എച്ച്എഎല് തകര്ന്നു എന്നാണ് പ്രതിപക്ഷം പറഞ്ഞത്, ഇന്നത് വിജയത്തിന്റെ ഉയരത്തിലാണ്. എല്ഐസി തകര്ന്നു എന്നാണ് പറഞ്ഞത്. എന്നാല് എല്ഐസി ഇന്ന് വിജയത്തിന്റെ പാതയിലാണ്. ഓഹരി വിപണിയില് നേട്ടം ഉണ്ടാക്കി. ബിജെപിയുടെ മൂന്നാം അവസരത്തില് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും'; നരേന്ദ്ര മോദി സഭയില് പറഞ്ഞു.

2028ല് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുമ്പോള് രാജ്യം മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരിക്കുമെന്നും മോദി വ്യക്തമാക്കി. 'കോണ്ഗ്രസും കൂട്ടാളികളും ഇന്ത്യയുടെ കരുത്തിനെയും സാധ്യതയെക്കുറിച്ചും സംശയിക്കുന്നതിന്റെ ചരിത്രമുണ്ട്. കോണ്ഗ്രസിനും കൂട്ടാളികള്ക്കും പാകിസ്താനെയാണ് വിശ്വാസം. നിയമങ്ങളെല്ലാം ലംഘിച്ച് പാക്കിസ്ഥാന് ഭീകരരെ ഉപയോഗിച്ച് അതിര്ത്തിയില് ആക്രമണം നടത്തിയിരുന്നു. എന്നിട്ട് കൈമലര്ത്തി പാക്കിസ്ഥാന് ഒഴിഞ്ഞുമാറി. ആക്രമണവും ചര്ച്ചകളും ഉണ്ടാവും എന്ന പാക്കിസ്ഥാന് വാക്കുകളെ വിശ്വസിച്ചു. കശ്മീര് കത്തിയപ്പോഴും തീവ്രവാദ സംഘടനകളെ വിശ്വസിച്ചു. അവിടുത്തെ ജനങ്ങളെ വിശ്വസിച്ചില്ല. ഇന്ത്യ തീവ്രവാദത്തിന് മേല് സര്ജിക്കല് സ്ട്രൈക് നടത്തി. കോണ്ഗ്രസിന് സൈന്യത്തില് വിശ്വാസം ഉണ്ടായില്ല'; മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.

'തമിഴ്നാട്ടിലെയും പശ്ചിമബംഗാളിലെയും ഉത്തര്പ്രദേശിലെയും ബിഹാറിലെയും ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള് കോണ്ഗ്രസിനോട് അവിശ്വാസം പ്രകടിപ്പിച്ചിട്ട് വര്ഷങ്ങളായി. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു. രാജ്യത്തെക്കാള് അവര്ക്ക് വലുത് അവരുടെ സംഘടനകളാണ് എന്ന് തെളിയിച്ചു കഴിഞ്ഞു'; മോദി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തെയും മോദി വിമര്ശിച്ചു. കുറച്ച് ദിവസം മുന്പ് ബാംഗളൂരുവില് നിങ്ങളെല്ലാവരും ചേര്ന്ന് 15-20 വര്ഷം പഴക്കമുള്ള യുപിഎക്ക് ശേഷക്രിയ നടത്തിയെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്. 'പുതിയ പെയിന്റ് മാത്രമടിച്ച് പഴയ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കാന് നോക്കുന്നു'വെന്നായിരുന്നു ഇന്ഡ്യ രൂപീകരണത്തെ മോദി പരിഹസിച്ചത്.

കോണ്ഗ്രസിനെയും രൂക്ഷമായ ഭാഷയില് നരേന്ദ്രമോദി വിമര്ശിച്ചു. തിരഞ്ഞെടുപ്പ് ചിഹ്നം മുതല് ആശയം വരെ കോണ്ഗ്രസിന് സ്വന്തമായി ഒന്നുമില്ല. എല്ലാം ആരുടെയെങ്കിലും കൈയ്യില് നിന്ന് വായ്പ വാങ്ങിയതാണ്. കോണ്ഗ്രസ് ദേശീയപതാകയോട് സാമ്യമുള്ള ത്രിവര്ണ്ണ പതാക വിശ്വാസ്യത കൂട്ടാന് വേണ്ടി പാര്ട്ടി പതാകയാക്കി. നേട്ടങ്ങള്ക്ക് വേണ്ടി ഗാന്ധിയുടെ പേര് കട്ടെടുത്ത് സര് നെയിമാക്കി. ഇന്ഡ്യാ സഖ്യമല്ല അഹങ്കാരികളുടെ സഖ്യമെന്ന് നരേന്ദ്ര മോദി പ്രതിപക്ഷ സഖ്യത്തെ വിമര്ശിച്ചു.

dot image
To advertise here,contact us
dot image