വർഷകാല സമ്മേളനത്തിന്റെ അവസാന ദിനവും പ്രക്ഷുബ്ധം; ചൗധരിയുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

അധിർ രഞ്ജൻ ചൗധരി ഖേദം പ്രകടിപ്പിച്ചാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് അറിയിച്ചിരുന്നെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു

dot image

ഡൽഹി: വർഷകാല സമ്മേളനത്തിന്റെ അവസാന ദിനവും പാർലമെന്റ് പ്രക്ഷുബ്ധം. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. മണിപ്പൂരിൽ പ്രധാനമന്ത്രി മൗനിയാണെന്ന ആരോപണം പ്രതിപക്ഷം ഇന്നും തുടർന്നു. അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. അധിർ രഞ്ജൻ ചൗധരി ഖേദം പ്രകടിപ്പിച്ചാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് അറിയിച്ചിരുന്നെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

11 മണിക്ക് സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ചൗധരിയുടെ സസ്പെൻഷനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചു. സേവ് ഡെമോക്രസി പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് 12 മണി വരെ നടപടികൾ നിർത്തി വെച്ചു. 12 മണിക്കും പ്രതിഷേധം തുടർന്നതോടെ 12.30 വരെ സഭ നടപടികൾ നിർത്തി വെക്കുകയായിരുന്നു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം പാർലമെന്റിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ രാജ്യസഭയിലും പ്രതിപക്ഷം ഉയർത്തി. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും 12 മണി വരെ നിർത്തിവെച്ചു. നീരവ് മോദിയെന്നാണ് ചൗധരി പറഞ്ഞതെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. നീരവ് എന്നാൽ നിശബ്ദൻ, നിശബ്ദനായ മോദി എന്നാണ് പറഞ്ഞതെന്ന് ഖാർഗെ പരിഹസിച്ചു. രാവിലെ, പ്രതിപക്ഷ പാർട്ടി നേതാക്കൾ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷമാണ് സഭയിൽ എത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us