ഇംഫാൽ: ബുക്കിലൂടെ മണിപ്പൂർ ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് കുക്കി വിഭാഗത്തിൽപെട്ട എഴുത്തുകാരനും രണ്ട് വിദ്യാഭ്യാസ വിദഗ്ധർക്കെതിരെയും കേസ്. 'ആംഗ്ലോ-കുക്കി യുദ്ധം 1917-1919' എന്ന ബുക്ക് എഴുതിയ ഡോ. വിജയ് ചേഞ്ചി, ബുക്ക് എഡിറ്റ് ചെയ്ത അക്കാദമിഷ്യൻമാരായ ജങ്ഖോമാങ് ഗൈറ്റും തോങ്ഖൊലാൽ ഹയോകിപ്പ് എന്നിവർക്കെതിരെയാണ് കേസ്. ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഹയോമീ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, തെറ്റായ കാര്യത്തെ സത്യമാണെന്ന് വരുത്തിതീർക്കൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ്. 1917-1919 കാലഘട്ടത്ത് നടന്ന കുക്കി-ആംഗ്ലോ കലാപത്തെ ആംഗ്ലോ-കുക്കി യുദ്ധമായി ചിത്രീകരിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ലേബർ കോർപറേഷനിലേക്ക് കുക്കികളെ നിയമിക്കുന്നതിനെ കുക്കികൾ എതിർത്തു. ഇത് കുക്കി കലാപത്തിലേക്ക് നയിച്ചുവെന്നാണ് ബുക്കിൽ പറയുന്നത്. അത് ഒരു കുക്കി കലാപമല്ല. നാഗകളുടേയും കോമ്സ്, മീതീസ്, മുഹമ്മദൻസ് എന്നിവരുടെ കൂട്ടക്കൊലപാതകമായിരുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കാനും വ്യക്തിപരമായ നേട്ടത്തിനും ഒരു പ്രത്യേക സമൂഹത്തിന് അനുകൂലമായും രചയിതാവ് ബോധപൂർവം നിരവധി നുണകൾ ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെഎൻയുവിലെ ചരിത്ര വിഭാഗം പ്രൊഫസറാണ് ജങ്ഖോമാങ് ഗൈറ്റ്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് തോങ്ഖൊലാൽ ഹയോകിപ്പ്.