താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില് രോഗികളുടെ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികൾ

സംഭവത്തില് അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്ക്കാര് നിയോഗിച്ചു

dot image

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില് രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറില് മരിച്ചത് 18 രോഗികള്. സംഭവത്തില് അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്ക്കാര് നിയോഗിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള് ആരോപിച്ചു. ആശുപത്രി അധികൃതര് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. താനെ മുൻസിപ്പല് കോര്പ്പറേഷന്റെ കീഴിലുള്ള ആശുപത്രിയാണ് ഛത്രപതി ശിവജി മഹാരാജ് ഹോസ്പിറ്റല്. ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മരിച്ചവരിൽ പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ അഭിജിത് ബംഗാർ പറഞ്ഞു. ആറ് പേർ താനെ സിറ്റിയിൽ നിന്നുള്ളവരാണ്, നാല് കല്യാൺ സ്വദേശികൾ, മൂന്ന് സഹാപൂർ സ്വദേശികൾ, ഭിവണ്ടി, ഉല്ലാസ്നഗർ, ഗോവണ്ടി എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകൾ വീതം മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് കമ്മീഷണർ അറിയിച്ചു. മരിച്ചവരിൽ 12 പേർ 50 വയസിനു മുകളിലുളളവരാണ്.

സംഭവത്തിൽ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിട്ടതായി കമ്മീഷണർ അറിയിച്ചു. ഹെൽത്ത് സർവീസ് കമ്മീഷണറുടെ നേതൃത്വത്തിലുളളതായിരിക്കും സമിതി. മരിച്ച രോഗികളിൽ വൃക്ക രോഗമുളളവരും പക്ഷാഘാതം, അൾസർ, ന്യുമോണിയ, വിഷബാധയേറ്റവർ, സെപ്റ്റിസീമിയ തുടങ്ങി വിവിധ രോഗങ്ങളുളളവരായിരുന്നുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

'മരണപ്പെട്ട ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണം ഗൗരവമുള്ളതാണ്. ഇത് അന്വേഷണ സമിതി പരിശോധിക്കും,' അഭിജിത് ബംഗാർ പറഞ്ഞു. ആശുപത്രിയിലെ ചില ഡോക്ടർമാർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്ത്.

പ്രതിദിനം 650 രോഗികൾ ആശുപത്രിയിൽ എത്താറുണ്ട്. പ്രദേശത്തെ സിവിൽ ആശുപത്രിയുടെ നവീകരണമാണ് ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലെ ഈ ബുദ്ധിമുട്ടിന് കാരണമായതെന്ന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വക്താവും മുൻ താനെ മേയറുമായ നരേഷ് മ്ഹസ്കെ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ സ്ഥിതിഗതികൾ ശരിയാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദ് ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ഐസിയു സംവിധാനം വർധിപ്പിച്ചതായി മന്ത്രി ദീപക് കേസർക്കാര് അറിയിച്ചു. അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us