കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള കേസ് 'ഇന്ഡ്യ' മുന്നണിയെ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് ജെബി മേത്തർ എംപി. മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ജെബി മേത്തർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ 50 ശതമാനം കമ്മീഷൻ പോസ്റ്റിനെതിരെ ബിജെപി നൽകിയ പരാതിയിലായിരുന്നു ഇൻഡോർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയും കേസെടുത്തു. ബിജെപി നേതൃത്വം നൽകുന്ന മധ്യപ്രദേശ് സർക്കാരിനെതിരെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയങ്ക ഗാന്ധി ഉന്നയിച്ച ആരോപണം തെളിയിക്കണമെന്ന മുന്നറിയിപ്പ് ബിജെപി നേരത്തെ നൽകിയിരുന്നു. 50% കമ്മീഷൻ നൽകിയാലേ പണം ലഭിക്കൂ എന്ന പരാതിയുമായി മധ്യപ്രദേശിൽ നിന്നുള്ള കരാറുകാരുടെ യൂണിയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നായിരുന്നു പ്രിയങ്ക പോസ്റ്റിൽ പറഞ്ഞത്. കർണാടകയിലെ ബിജെപി സർക്കാർ 40 ശതമാനം കമ്മീഷനായിരുന്നു വാങ്ങിയിരുന്നത്. മധ്യപ്രദേശ് സർക്കാർ അത് 50 ശതമാനമാക്കി ഉയർത്തി. ബിജെപി സർക്കാരിനെ മധ്യപ്രദേശിൽ നിന്നും ജനങ്ങൾ പുറത്താക്കുമെന്നും പ്രിയങ്ക പോസ്റ്റിൽ കുറിച്ചിരുന്നു.
ആരോപണം നിഷേധിച്ച ബിജെപി, ക്രൈം ബ്രാഞ്ചിൽ പരാതി നൽകുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ദിവസവും നുണകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മന്ത്രി വിശ്വാസ് സാരംഗും ബിജെപി എംഎൽഎമാരും രംഗത്തെത്തി. കോൺഗ്രസ് പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണെന്ന് നേതാക്കൾ പറഞ്ഞു. കത്തിൽ പറയുന്ന വിലാസവും സംഘടനയും നിലവിലില്ലാത്തതാണെന്നും ബിജെപി അവകാശപ്പെട്ടു. പരാതി ലഭിച്ചതിനെ തുടർന്ന് വിഷയം അന്വേഷിക്കുകയാണെന്നും, പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.
Story Highlights: Jebi Mather MP said that the case against AICC General Secretary Priyanka Gandhi is a move aimed at Opposition Unity INDIA