ഇംഫാല്: ഈ മാസം 21ന് മണിപ്പൂരില് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് എതിരെ കുക്കി സംഘടനയായ ഐടിഎല്എഫ് രംഗത്ത്. നിയമസഭാ സമ്മേളനത്തില് പങ്കെടുക്കരുതെന്ന് കുക്കി എംഎല്എമാര്ക്ക് സംഘടന മുന്നറിയിപ്പ് നല്കി. മ്യാന്മറില് നിന്നുള്ള കടന്നു കയറ്റമാണ് മണിപ്പൂരില് സംഘര്ഷത്തിന് കാരണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്ഥാവന കുക്കി സംഘടനകളെ ചൊടിപ്പിച്ചു എന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട തെളിവുകള് പുറത്ത് വിടണമെന്ന് 10 കുക്കി എംഎല്എമാര് ആവശ്യപ്പെട്ടിരുന്നു. അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള് ഇംഫാലില് മോര്ച്ചറികളില് ഉണ്ടെന്നതിന് തെളിവ് നല്കണമെന്ന് സോളിസിറ്റര് ജനറലിനോട് എംഎല്എമാര് ആവശ്യപ്പെട്ടു. തെളിവുകള് നല്കിയില്ലെങ്കില് കോടതിയോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് എംഎല്എമാര് വ്യക്തമാക്കി. അതേസമയം കുക്കി വിമത ഗ്രൂപ്പുകളുമായി കേന്ദ്രസര്ക്കാര് ഓഗസ്റ്റ് 17ന് ചര്ച്ച നടത്തും.
മണിപ്പൂരില് കലാപം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. അടിയന്തരമായി പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങളും റാലികളും നടന്നു. കലാപങ്ങളില് ഇതുവരെ 170ലേറെപ്പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിനായിരത്തിലേറെ പേര് അഭയാര്ഥികളായി. അറുനൂറിലേറെ അക്രമികളെ അറസ്റ്റുചെയ്തതായി പൊലീസ് പറയുന്നുണ്ട്. 6500ലേറെ കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. 130 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
അതേസമയം മൊബൈല് ഇന്റര്നെറ്റ് സേവനങ്ങള് ലഭ്യമാക്കുന്നതിനുള്ള മാര്ഗങ്ങള് കണ്ടെത്താന് മണിപ്പൂര് സര്ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില് മെയ് 3ന് കലാപം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്റര്നെറ്റ് വിലക്ക് ഏര്പ്പെടുത്തിയത്.