ഹിമാചലിൽ മഴ ശക്തം; 50 മരണം, ഇരുപതോളം പേർ കുടുങ്ങികിടക്കുന്നു

ഋഷികേശിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ട്

dot image

സിംല: ഹിമാചൽ പ്രദേശിൽ മഴ ശക്തം. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ 50 പേർ മരിച്ചു. 20 ഓളം പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 50 ആളുകൾ മരണപ്പെട്ടതായി മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. സോളൻ ജില്ലയിലെ ദുരന്തബാധിത പ്രദേശമായ ജാഡോൺ മുഖ്യമന്ത്രി തിങ്കളാഴ്ച സന്ദർശിച്ചു. ദുരന്തത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹൃദയഭേദകമായ സംഭവമാണിതെന്ന് സുഖ്വീന്ദർ സിങ് സുഖു മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. ദുരിതബാധിതർക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നതായും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

ഡെറാഡൂൺ, നൈനിറ്റാൾ, ചംമ്പാവത്ത്, ഉദ്ദംസിംഗ് നഗർ, പൗരി, തെഹ്രി തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്നതിനാൽ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ട്. ഗംഗയുടെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്നും തിങ്കളാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

കനത്ത മഴയെ തുടർന്ന് ജോഷിമഠിൽ വീണ്ടും വിളളൽ രൂപപ്പെട്ടിട്ടുണ്ട്. ജോഷിമഠിലെ സുനിൽ ഗ്രാമത്തിലെ പൻവാർ മൊഹല്ലയിലെയും നേഗി മൊഹല്ലയിലെയും 16 വീടുകൾ അപകടഭീഷണിയിലാണ്. വിള്ളലുകൾ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. സർക്കാർ സുരക്ഷയൊരുക്കണമെന്ന് ജോഷിമഠ് നിവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും വീടുകൾ തകർന്നുവീഴുമെന്ന പേടിയിൽ രാത്രി വീടിന് പുറത്ത് കഴിയേണ്ടി വന്നതായും ആളുകൾ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us