കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലേക്ക് പോകണമെന്നും സാധാരണ ജനതയ്ക്ക് സുരക്ഷ ഉറപ്പുനല്കണമെന്നും മണിപ്പൂരിലെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്ക്ക് വേണ്ടി പോരാടിയ ഇറോം ശര്മ്മിള. മണിപ്പൂരിലെ ജനതയുടെ അരക്ഷിതബോധം മറികടക്കണം. പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു. കലാപത്തിന് പിന്നാലെ മണിപ്പൂരിനെപ്പറ്റി ഓര്ക്കുമ്പോള് വേദനയും ദുഃഖവുമുണ്ടെന്നും ഇറോം ശര്മ്മിള റിപ്പോര്ട്ടർ ടിവിയോട് പറഞ്ഞു.
കലാപകാരികള് സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നും ഇറോം ശര്മ്മിള ചോദിച്ചു. ഏകപക്ഷീയമാണ് മണിപ്പൂരിലെ അക്രമം. സമാധാനവും സാഹോദര്യവുമാണ് മണിപ്പൂരില് വേണ്ടത്. കലാപ കാലത്ത് മനുഷ്യത്വരഹിതമായ ആക്രമണങ്ങള് അരങ്ങേറി. ഇതൊന്നും മണിപ്പൂര് മുഖ്യമന്ത്രി ബിരേന് സിംഗ് കേട്ടില്ല. അദ്ദേഹം യഥാര്ത്ഥ നേതാവല്ല. കേന്ദ്ര സര്ക്കാരിന്റെ പാവയാണ് ബിരേന്സിംഗ്. പ്രശ്നം പരിഹരിക്കാനല്ല മുഖ്യമന്ത്രിയുടെ ശ്രമം. ലഹരിമാഫിയക്ക് ഒപ്പമാണ് മണിപ്പൂര് മുഖ്യമന്ത്രിയെന്നും ഇറോം ശര്മ്മിള കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കലാപം നടന്നിട്ടും മണിപ്പൂരില് നിന്നുള്ള എംപിമാര് പാര്ലമെന്റില് മിണ്ടിയില്ല. മണിപ്പൂരിലെ സമാധാനത്തിനായി കേന്ദ്രം ഇടപെടുന്നില്ലെന്നും ഇറോം ശര്മ്മിള വിമര്ശിച്ചു. കേന്ദ്ര സര്ക്കാരിനും സംസ്ഥാന സര്ക്കാരിനുമെതിരായ സുപ്രീം കോടതി വിമര്ശനം സ്വാഭാവികമാണ്. മണിപ്പൂരില് ഒരുമിച്ച് നിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഇതിന് നിയമ നിര്മ്മാണ സഭയും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നീതി പീഠവും ഒരുമിച്ച് നില്ക്കണം. അങ്ങനെ കലാപവും അതിന്റെ മുറിവുകളും പരിഹരിക്കണമെന്നും ഇറോം ശര്മ്മിള ആവശ്യപ്പെട്ടു.
താന് ഇനി മണിപ്പൂരിലേക്ക് മടങ്ങില്ലെന്ന് റിപ്പോര്ട്ടറുടെ ചോദ്യത്തോട് ഇറോം ശര്മ്മിള പ്രതികരിച്ചു. മണിപ്പൂരിനെ മനസില് നിന്ന് മറക്കാനാണ് ശ്രമം. മണിപ്പൂരില് ആരോടും ബന്ധമില്ല. ആരെയും വിളിക്കാറില്ലെന്നും ബംഗളുരുവില് കുടുംബത്തോടൊപ്പം താമസമാക്കിയ ഇറോം ശര്മ്മിള റിപ്പോര്ട്ടർ ടിവിയോട് പറഞ്ഞു.