മണിപ്പൂര് മുതല് മിഷന് 2047 വരെ; സ്വാതന്ത്ര്യദിന പ്രസംഗത്തില് നരേന്ദ്ര മോദി പറഞ്ഞത്

മണിപ്പൂരില് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞ മറ്റൊരു കാര്യം. ഇതിനായി കേന്ദ്രസര്ക്കാരും മണിപ്പൂര് സര്ക്കാരും ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു

dot image

ന്യൂഡല്ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം നിറഞ്ഞുനില്ക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് പരാമര്ശിച്ച മോദി, 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിനായി സര്ക്കാര് സ്വീകരിക്കുന്ന പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. നാളേക്കായി ഇന്ന് തന്നെ പ്രയത്നം തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇന്നത്തെ തീരുമാനം ആയിരം വര്ഷത്തേക്കുള്ള ഫലം തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.

മിഷന് 2047

2047ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികള് സംബന്ധിച്ച് മോദി വിശദീകരിച്ചു. 100-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള് രാജ്യത്തിന്റെ എല്ലാ അഭിലാഷങ്ങളും നിറവേറ്റപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതില് വരുന്ന അഞ്ച് വര്ഷങ്ങള് നിര്ണായകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഓരോ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മാത്രമേ വികസന രാജ്യമെന്ന നേട്ടത്തിലെത്താന് സാധിക്കൂ എന്നും മോദി പറഞ്ഞു.

ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം

ഇന്ത്യയുടെ ജനസംഖ്യാപരമായ ശക്തിയും ജനാധിപത്യവും വൈവിധ്യവും ചേര്ന്ന് എങ്ങനെയെന്ന് രാജ്യത്തിന്റെ വികസന യാത്രയില് ശക്തി നല്കുന്നതെന്ന് പ്രധാനമന്ത്രി പ്രസംഗത്തില് പറഞ്ഞു. ഇവ മൂന്നും കൂടിച്ചേര്ന്നാല് രാജ്യത്തിന്റെ സ്വപ്നങ്ങള് സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു.

മണിപ്പൂരില് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞ മറ്റൊരു കാര്യം. ഇതിനായി കേന്ദ്രസര്ക്കാരും മണിപ്പൂര് സര്ക്കാരും ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മുമ്പില്

കേന്ദ്രസര്ക്കാരിന്റെ തീരുമാനങ്ങളെല്ലാം രാജ്യത്തിന് ആദ്യ പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ്. നികുതിദായകരുടെ പണത്തില് ഓരോ ചില്ലിക്കാശും അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ഉറപ്പാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതി, പ്രീണനം, കുടുംബ വാഴ്ച എന്നീ മൂന്ന് കാര്യങ്ങള് ഉന്മൂലനം ചെയ്യുക എന്നതാകണം രാജ്യത്തിന്റെ ദൗത്യം. വികസനത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയ്ക്ക് ഇവ തടസമാകാന് പാടില്ല. ലോകത്തെ മൂന്ന് പ്രധാന സാമ്പത്തിക ശക്തികളില് ഒന്നാക്കി ഇന്ത്യയെ മാറ്റും. പാര്പ്പിടവും മരുന്നും ഉറപ്പാക്കുന്നതിനായി നടപടികള് സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേര്ത്തു.

'ലക്പതി ദീദി' സ്കീമിന്റെ വളര്ച്ചയ്ക്ക് സര്ക്കാര് നടപടിയും മോദി ഉറപ്പ് നല്കുന്നുണ്ട്. രണ്ട് കോടി കോടിപതികളായ സ്ത്രീകളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രാദേശിക ഭാഷകള്ക്ക് ഊന്നല്

പ്രാദേശിക ഭാഷകള്ക്ക് ഊന്നല് നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും പ്രധാനമന്ത്രി പരാമര്ശിച്ചു. പ്രാദേശിക ഭാഷകളില് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന് സര്ക്കാര് നടപടികള് സ്വീകരിച്ച് വരികയാണ്. കോടതി വിധിന്യായങ്ങള് പ്രദേശിക ഭാഷകളില് ലഭ്യമാക്കാനുള്ള സുപ്രീംകോടതി ഇടപെടലിനും മോദി നന്ദി പറഞ്ഞു.

പരമ്പരാഗത തൊഴിലുകള് പ്രോത്സാഹിപ്പിക്കുന്നതിനായി സര്ക്കാരിന്റെ 'വിശ്വകര്മ്മ യോജന' പദ്ധതി അടുത്ത മാസം ആരംഭിക്കും. 13,000 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തില് അനുവദിക്കുക.

ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി

ഇന്ത്യ ലോകത്തിന്റെ സുഹൃത്തെന്നാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില് പറഞ്ഞത്. കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ എങ്ങനെയാണ് മറ്റ് രാജ്യങ്ങളെ സഹായിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്ശം. ഇന്ത്യ സ്വന്തം കാര്യം മാത്രം നോക്കുന്ന രാജ്യമല്ല. കൊവിഡിന് ശേഷം 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2014ല് ജനങ്ങള് തനിക്ക് അവസരം തന്നു. ആ വിശ്വാസം 2019ലും തുടര്ന്നു. അടുത്ത തവണയും ജനങ്ങള് അനുഗ്രഹിച്ചാല് ചെങ്കോട്ടയില് തിരിച്ചെത്തുമെന്നും അടുത്ത സ്വാതന്ത്ര്യ ദിനത്തിലും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും മോദി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us