ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില് ഇടം പിടിച്ച് 2024ലെ പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ വിഷയങ്ങള്. സ്വതന്ത്ര്യദിന പ്രസംഗത്തില് സര്ക്കാരിന്റെ നേട്ടങ്ങള് പ്രതിപാദിക്കുന്നതിനൊപ്പം പ്രധാനമന്ത്രി പ്രതിപക്ഷത്തെയും വിമര്ശിച്ചു. 2024ല് ബിജെപി അധികാരത്തില് തിരിച്ചെത്തുമെന്ന പ്രതീതിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തില് ഉടനീളം നിറഞ്ഞുനിന്നു.
കോണ്ഗ്രസിനെ പരേക്ഷമായി വിമര്ശിക്കുന്ന പരാമര്ശങ്ങളും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില് ഇടംപിടിച്ചു. അഴിമതിക്കെതിരായ പോരാട്ടം തുടരേണ്ടത് തന്റെ പ്രതിബദ്ധതയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി , കുടുംബവാഴ്ചയുടെ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. കുടുംബ വാഴ്ചയുടെ രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെ കവര്ന്നെടുത്തെന്നും പ്രധാനമന്ത്രി വിമര്ശിച്ചു. പോരാടേണ്ട മൂന്നാമത്തെ വിപത്ത് പ്രീണനമാണെന്നും അത് ദേശീയതയുടെ സ്വഭാവത്തിന് തഴുതിട്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. തന്റെ സര്ക്കാര് അധികാരമേല്ക്കുമ്പോള് ലക്ഷങ്ങളുടെയും കോടികളുടെയും അഴിമതിയാണ് രാജ്യത്തുണ്ടായിരുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയിപ്പോള് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണെന്നും ചൂണ്ടിക്കാണിച്ചു.
ബിജെപി 2024ല് അധികാരത്തില് എത്തുമെന്നും പ്രസംഗത്തില് പ്രധാനമന്ത്രി പറയാതെ പറഞ്ഞു. 'വരാനിരിക്കുന്ന അഞ്ച് വര്ഷങ്ങള് അഭൂതപൂര്വ്വമായ വികസനത്തിന്റേതാണ്. 2047 എന്ന സ്വപ്നം തിരിച്ചറിയാനുള്ള സുവര്ണ്ണ നിമിഷം അടുത്ത അഞ്ചുവര്ഷമാണ്. അടുത്ത ആഗസ്റ്റ് 15ന് രാജ്യത്തിന്റെ വികസനവും നേട്ടവും ഈ ചെങ്കോട്ടയില് നിന്ന് ഞാന് തന്നെ അവതരിപ്പിക്കും'; പ്രധാനമന്ത്രി പഞ്ഞു.
2024 ആഗസ്റ്റ് 15ന് ചെങ്കോട്ടയില് സ്വാതന്ത്ര്യദിനം പ്രസംഗം നടത്തേണ്ടത് ആരെന്ന് തീരുമാനിക്കേണ്ടത് 2024ലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തില് ചെങ്കോട്ടയില് രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും താന് തന്നെ പറയുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് ബിജെപി അധികാരത്തില് എത്തുമെന്നും താന് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു കൂടിയാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.