ന്യൂഡല്ഹി: ബില്ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കശാപ്പ് ചെയ്യുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെയുള്ള ഒരു കൂട്ടം ഹര്ജികള് പരിഗണിക്കവേ ഗുജറാത്ത് സര്ക്കാരിനോട് കടുത്ത ഭാഷയില് ചോദ്യങ്ങള് ചോദിച്ച് സുപ്രീം കോടതി.
'പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സാഹചര്യത്തില് 14 വര്ഷം തടവുശിക്ഷ അനുഭവിച്ച പ്രതികളെ എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാര്ക്ക് മോചന ഇളവ് നല്കാത്തത്?' ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല് ഭൂയാന് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
'14 വര്ഷത്തിന് ശേഷം അവരെ വിട്ടയക്കുന്നതിലൂടെ ഈ നിയമം കൊടുംകുറ്റവാളികളെ പരിഷ്കരിക്കാന് എത്രത്തോളം അവസരം നല്കുന്നു. എന്തുകൊണ്ടാണ് ഈ നയം തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത്? പരിഷ്കരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള അവസരം എല്ലാവര്ക്കും നല്കണം. എന്തുകൊണ്ടാണ് ജയിലുകള് നിറഞ്ഞു കവിയുന്നത്? ഇതെല്ലാം സംബന്ധിച്ച് വിശദീകരണം തരണം', കോടതി പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ബില്ക്കിസ് കേസിലെ പ്രതികള്ക്കായി ജയില് ഉപദേശക സമിതി രൂപീകരിച്ചതെന്നും വിശദാംശങ്ങള് നല്കാന് സംസ്ഥാനത്തോട് ഉത്തരവിട്ടതെന്നും കോടതി ചോദിച്ചു. ഗോധ്ര കോടതിയില് വിചാരണ നടക്കാത്ത സാഹചര്യത്തില് എന്തിനാണ് കോടതിയുടെ അഭിപ്രായം തേടിയതെന്നും സുപ്രീം കോടതി ചോദിച്ചു.
കഴിഞ്ഞ വര്ഷം സ്വാതന്ത്ര്യ ദിനത്തിലാണ് കേസിലെ 11 പ്രതികളെ വിട്ടയച്ചത്. 2002ല് സബര്മതി എക്സ്പ്രസില് 59 കര്സേവകര് കൊല്ലപ്പെട്ടതിനെത്തുടര്ന്ന് അക്രമങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായ സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ സാധ്യമാകില്ലെന്ന് തോന്നിയതിനെ തുടര്ന്നാണ് കേസിന്റെ വിചാരണ ഗുജറാത്തില് നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയത്.
കുറ്റവാളികളെ നിയമപ്രകാരമാണ് വിട്ടയച്ചതെന്നായിരുന്നു ഗുജറാത്ത് സോളിസിറ്റര് ജനറലിന്റെ മറുപടി. 2008ല് ശിക്ഷിക്കപ്പെട്ടതിനാല് 1992ലെ നയം അനുസരിച്ചാണ് പ്രതികളെ പരിഗണിച്ചതെന്നും എസ്ജി പറഞ്ഞു. പ്രതികളെ വിട്ടയക്കുന്ന കാര്യത്തില് ഗുജറാത്ത് സര്ക്കാരിന്റെ തീരുമാനം തെറ്റാണെന്ന് ബില്ക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.
15 വര്ഷവും 4 മാസവും ജയില്വാസം പൂര്ത്തിയാക്കിയതിന്റെ പേരില് ശിക്ഷ ഇളവ് ആവശ്യപ്പെട്ട് പ്രതി രാധേഷാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിശോധിച്ച് രണ്ടു മാസത്തിനകം ശിക്ഷാ ഇളവ് അനുവദിക്കാനാകുമോ എന്ന് തീരുമാനിക്കാന് ഗുജറാത്ത് സര്ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാല് ഗുജറാത്ത് സര്ക്കാര് രാധേഷാമിനെ ഉള്പ്പെടെ എല്ലാ പ്രതികളെയും വിട്ടയക്കുകയായിരുന്നു, ശോഭ ഗുപ്ത പറഞ്ഞു.