ഇംഫാൽ: മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിർത്തി പട്ടണമായ മോറെയിൽ നിന്ന് അയൽരാജ്യമായ മ്യാൻമറിലേക്ക് പലായനം ചെയ്ത 200-ലധികം ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. മെയ്തെയ് സമൂഹത്തിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് ഇന്ത്യൻ സൈന്യത്തോട് ബിരേൻ സിംഗ് നന്ദി പറഞ്ഞു.
"അവരെ നാട്ടിലെത്തിക്കുന്നതിൽ സൈന്യം കാണിച്ച അർപ്പണബോധത്തിന് വിജയാരവം. ജിഒസി ഈസ്റ്റേൺ കമാൻഡ്, ലഫ്റ്റനന്റ് ജനറൽ ആർ പി കലിത, ജിഒസി 3 കോർപ്, ലഫ്റ്റനന്റ് ജനറൽ എച്ച്എസ് സാഹി, കേണൽ രാഹുൽ ജെയിൻ എന്നിവർക്ക് ആത്മാർത്ഥമായ നന്ദി, ”മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മെയ് മാസത്തില് മണിപ്പൂരില് വംശീയ കലാപം പൊട്ടി പുറപ്പെട്ടപ്പോള് മ്യാന്മാറിനോട് അതിര്ത്തി പങ്കിടുന്ന പ്രദേശങ്ങളില് നിന്നും 230ഓളം മെയ്തെയ് വിഭാഗക്കാര് അതിര്ത്തി കടന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
മെയ് മൂന്നിന് തുടങ്ങിയ മെയ്തെയ്, കുക്കി സംഘർഷത്തിൽ 160-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. മെയ്തെയ് വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ മലയോര ജില്ലകളിൽ കുക്കികൾ സോളിഡാരിറ്റി മാർച്ച് നടത്തിയിരുന്നു. തുടർന്ന് മെയ്തികൾ കുക്കികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ്കൾ ഇംഫാൽ താഴ്വരയിലാണ് താമസിക്കുന്നത്. കുക്കികൾ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.
Relief and gratitude as 212 fellow Indian citizens (all Meiteis) who sought safety across the Myanmar border post the May 3rd unrest in Moreh town of Manipur, are now safely back on Indian soil.
— N.Biren Singh (@NBirenSingh) August 18, 2023
A big shout-out to the Indian Army for their dedication in bringing them home.…