ധാബോല്ക്കർ, പന്സാരെ, ഗൗരി ലങ്കേഷ്, കല്ബുര്ഗി കൊലപാതകങ്ങളിലെ പരസ്പര ബന്ധം ആരാഞ്ഞ് സുപ്രീം കോടതി

നരേന്ദ്ര ധബോല്ക്കറിന്റെ കൊലപാതകത്തില് മകള് മുക്ത ധബോല്ക്കര് നല്കിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി സിബിഐയോട് ചോദ്യം ഉന്നയിച്ചത്

dot image

ന്യൂഡല്ഹി; നരേന്ദ്ര ധാബോല്ക്കറിന്റെയും ഗോവിന്ദ് പന്സാരെ, ഗൗരി ലങ്കേഷ്, കല്ബുര്ഗി എന്നിവരുടെയും മരണത്തില് പരസ്പര ബന്ധം ഉണ്ടോയെന്ന് സിബിഐയോട് ആരാഞ്ഞ് സുപ്രീം കോടതി. അത് അറിയേണ്ടതുണ്ടെന്നും ആ വിഷയം പരിശോധിക്കണമെന്നും കോടതി സിബിഐയോട് നിര്ദ്ദേശിച്ചു. നരേന്ദ്ര ധബോല്ക്കറിന്റെ കൊലപാതകത്തില് മകള് മുക്ത ധബോല്ക്കര് നല്കിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി സിബിഐയോട് ഈ ചോദ്യം ഉന്നയിച്ചത്. നാല് കൊലപാതകങ്ങള്ക്കും പിന്നില് വലിയ ഗൂഢാലോചനയുണ്ടെന്ന് മുക്തക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് ആനന്ദ് ഗ്രോവര് പറഞ്ഞിരുന്നു.

നരേന്ദ്ര ധബോല്ക്കര്, ഗോവിന്ദ് പന്സാരെ, എം എം കല്ബുര്ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തില് പരസ്പരബന്ധം ഉണ്ടെന്ന് മുക്ത ധബോല്ക്കര് സുപ്രീം കോടതിയില് നല്കിയ ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു. നരേന്ദ്ര ധബോല്ക്കര് വധക്കേസില് മേല്നോട്ടം വഹിക്കാന് ആവില്ലെന്ന ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്കിയ അപ്പീലിലാണ് വെളിപ്പെടുത്തല്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്, സുധാന്ശു ധൂലിയ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന് മുന്നിലാണ് മുക്തയുടെ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്. ഇതിന്മേല് കൂടുതല് തെളിവുകള് നല്കാന് അഭിഭാഷകനായ ആനന്ദ് ഗ്രോവറിന് സുപ്രീംകോടതി രണ്ടാഴ്ച സമയം നല്കി. രേഖകളുടെ പകര്പ്പ് സിബിഐയ്ക്കും നല്കണമെന്നും ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.

നേരത്തെ മുക്ത നല്കിയ ഹര്ജിയെ തുടര്ന്നാണ് 2014ല് മുംബൈ ഹൈക്കോടതി കേസ് പൂനെ പൊലീസില് നിന്നും സിബിഐക്ക് കൈമാറിയത്. 2013 ആഗസ്റ്റ് 20നായിരുന്നു പൂനെയില് വച്ച് നരേന്ദ്ര ധബോല്ക്കര് വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2015 ഫെബ്രുവരി 20നായിരുന്നു പന്സാരെയുടെ കൊലപാതകം. എം എം കല്ബുര്ഗി കൊല്ലപ്പെട്ടത് 2015 ആഗസ്റ്റ് 30നായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2017 സെപ്തംബര് 5നും.

dot image
To advertise here,contact us
dot image