ഇംഫാൽ: നിയമസഭ സമ്മേളനത്തിന് പുതിയ തീയതി ഗവര്ണര്ക്ക് ശുപാര്ശ ചെയ്ത് മണിപ്പൂര് മന്ത്രിസഭ. ആഗസ്റ്റ് 29ന് നിയമസഭ ചേരാനാണ് മന്ത്രിസഭയുടെ ശുപാര്ശ. ആഗസ്റ്റ് 21ന് നിയമസഭ ചേരാന് നേരത്തെ മണിപ്പൂര് മന്ത്രിസഭ ശുപാര്ശ ചെയ്തിരുന്നെങ്കിലും ഗവര്ണര് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്ന്നാണ് മന്ത്രിസഭ പുതിയ തീയതി ശുപാര്ശ ചെയ്തിരിക്കുന്നത്.
ഇതിനിടെ നിയമസഭ സമ്മേളനം വൈകുന്നതില് പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ ഭരണഘടന സംവിധാനത്തിന്റെ തകര്ച്ചയെന്ന് കോണ്ഗ്രസ് വിമര്ശിച്ചു. സംസ്ഥാനത്ത് കുക്കി വിഭാഗത്തിന് പ്രത്യേക ഭരണമേഖല എന്ന ആവശ്യത്തെ എതിര്ത്ത് നാഗ വിഭാഗം രംഗത്ത് വന്നു. ഇത് തങ്ങളുടെ അവകാശങ്ങള് ഹനിക്കും എന്നാണ് വിമര്ശനം. സിപിഐ പ്രതിനിധി സംഘത്തിന്റെ മണിപ്പൂര് സന്ദര്ശനം തുടരുകയാണ്. ജനറല് സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി എന്നിവരടങ്ങുന്ന സംഘം ദുരിതാശ്വാസ ക്യാമ്പുകള് സന്ദര്ശിച്ചു.
10 കുക്കി എംഎൽഎമാർ സമ്മേളനം ബഹിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിൽ 6 പേർ ഭരണ കക്ഷിയായ ബിജെപി എംഎൽഎമാരാണ്. ഇംഫാലിൽ സുരക്ഷ ഇല്ല എന്നാണ് എംഎൽഎമാരുടെ ആരോപണം. ഈ എംഎൽഎമാർ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണ മേഖല വേണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതേസമയം നിയമസഭാ സമ്മേളനത്തില് മണിപ്പൂരിന്റെ പ്രത്യേക അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞിരുന്നു.