ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അപകടമൊഴിവായത് തലനാരിഴയ്ക്ക്. വിസ്താരയുടെ രണ്ട് വിമാനങ്ങൾ ഒരേസമയം റൺവേയിൽ എത്തിയതിനെത്തുടർന്ന് സംഭവിച്ചേക്കാമായിരുന്ന അപകടമാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേയ്ക്ക് വന്ന വിസ്താര എ320യ്ക്ക് 29എൽ റൺവേയിൽ നിന്ന് 29ആറിലേയ്ക്ക് നീങ്ങാൻ രാവിലെ 8:30ന് ക്ലിയറൻസ് ലഭിച്ചു. ബാഗ്ഡോഗ്രയിലേയ്ക്ക് പുറപ്പെടേണ്ട വിമാനത്തിന് ഇതേ റൺവേയിൽ നിന്ന് ടേക്ക് ഓഫിനും അനുമതി ലഭിക്കുകയായിരുന്നു. ടേക്ക്ഓഫിന് തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ വനിതാ പൈലറ്റ് മുൻ വിമാനത്തെ കാണുകയും എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും ചെയ്തത് അപകടം ഒഴിവാക്കി.
ഡൽഹി-ബാഗ്ഡോഗ്ര വിമാനത്തിൻ്റെ ടേക്ക് ഓഫ് നിർത്തി ഉടൻ തന്നെ പാർക്കിംഗ് ബേയിലേക്ക് മടക്കി അയച്ചു. കൃത്യസമയത്ത് ടേക്ക് ഓഫ് നിർത്തിയില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Story Highlights: Two Vistara planes were mistakenly cleared for simultaneous take-off and landing on parallel runways at the Delhi airport on Wednesday