വിക്രം ലാൻഡർ ചന്ദ്രനെ തൊട്ടു; ദക്ഷിണധ്രുവത്തിൽ സ്ഫോറ്റ്ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ

വിക്രം ലാൻഡർ കാത്തിരിപ്പിനൊടുവിൽ ചന്ദ്രനെ തൊട്ടു

dot image

ബെംഗളൂരു: വിക്രം ലാൻഡർ കാത്തിരിപ്പിനൊടുവിൽ ചന്ദ്രനെ തൊട്ടു. ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ദൗത്യം പൂർത്തിയാക്കി. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ദൗത്യ വിജയത്തോടെ ചാന്ദ്ര ഗവേഷണത്തിൽ ഐഎസ്ആർഒയുടെ പ്രധാന്യം കൂടിയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തപ്പെടുക.

ലാൻഡിങ്ങ് വിജയകരമായതോടെ പ്രഗ്യാൻ റോവർ ഇനി ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടുന്ന ദൗത്യവും റോവർ പൂർത്തിയാക്കും. വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിൻ്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്ലാൻഡിങ്ങിൻ്റെ ചരിത്രവിജയം ഐഎസ്ആർഒയുടെ സാങ്കേതിക മികവിൻ്റെ സുവർണ്ണ നിമിഷം കൂടിയായി.

ചന്ദ്രയാൻ-3 ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റ്ററിൽ നിന്നും വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള രണ്ടാണ് ശ്രമത്തിലാണ് ഇന്ത്യ വിജയം കണ്ടിരിക്കുന്നത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയത്.

ചന്ദ്രയാൻ 2-ന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ചന്ദ്രയാൻ-3ൻ്റെ വിജയം ഐഎസ്ആർഒയെ സംബന്ധിച്ചും നേട്ടമായി. ഇതുവരെ, അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. എന്നാൽ ഈ രാജ്യങ്ങൾക്കൊന്നും ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സ്ഫോറ്റ് ലാൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല. ചന്ദ്രനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാൻ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഇത് ഇന്ത്യയെ പ്രാപ്തമാക്കും.

ചാന്ദ്രദൗത്യം വിജയകരമായി പൂർത്തീകരിച്ച ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഭാരതത്തിന് അഭിമാന മുഹൂർത്തം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വികസിത ഭാരതത്തിന്റെ ശംഖൊലിയെന്നും, ജീവിതം ധന്യമായതു പോലെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രമുഹൂർത്തം വീക്ഷിക്കാനായത് ഭാഗ്യം. ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർത്ഥ്യമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥനും ചന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us