ഇംഫാൽ: മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പ്രസ്താവനകൾക്ക് പിന്നാലെ സമാധാനമുണ്ടായെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നത് മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാൻ കാരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സമാധാന ശ്രമങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലുമാണ് മണിപ്പൂർ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിക്കും. സിപിഐ പ്രതിനിധി സംഘത്തിന്റെ മണിപ്പൂർ സന്ദർശനം ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി എന്നിവർ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
അതേസമയം, നിയമസഭ സമ്മേളനത്തിന് പുതിയ തീയതി ഗവര്ണര്ക്ക് മണിപ്പൂര് മന്ത്രിസഭ ശുപാര്ശ ചെയ്തു. ആഗസ്റ്റ് 29ന് നിയമസഭ ചേരാനാണ് മന്ത്രിസഭയുടെ ശുപാര്ശ. ആഗസ്റ്റ് 21ന് നിയമസഭ ചേരാന് നേരത്തെ മണിപ്പൂര് മന്ത്രിസഭ ശുപാര്ശ ചെയ്തിരുന്നെങ്കിലും ഗവര്ണര് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്ന്നാണ് മന്ത്രിസഭ പുതിയ തീയതി ശുപാര്ശ ചെയ്തിരിക്കുന്നത്.
ഇതിനിടെ നിയമസഭ സമ്മേളനം വൈകുന്നതില് പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ ഭരണഘടന സംവിധാനത്തിന്റെ തകര്ച്ചയെന്ന് കോണ്ഗ്രസ് വിമര്ശിച്ചിരുന്നു. സംസ്ഥാനത്ത് കുക്കി വിഭാഗത്തിന് പ്രത്യേക ഭരണമേഖല എന്ന ആവശ്യത്തെ എതിര്ത്ത് നാഗ വിഭാഗം രംഗത്ത് വന്നു. ഇത് തങ്ങളുടെ അവകാശങ്ങള് ഹനിക്കും എന്നാണ് വിമര്ശനം.