തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവൻ അഭിമാനമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റോവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ മൂന്ന് നൽകുന്ന കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
'ചന്ദ്രയാൻ എന്നത് ഞങ്ങളെ സംബന്ധിച്ചോളം സോഫ്റ്റ് ലാൻഡിങ് മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും 100 ശതമാനം വിജയകരമാണ്. രാജ്യം മുഴുവൻ ഇതിൽ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതിൽ സന്തോഷം. നമുക്ക് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം യാത്ര ചെയ്യാനുള്ള കഴിവുണ്ട്. അതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കണം, ഇൻവെസ്റ്റ്മെന്റ് കൂടണം, സ്പേസ് സെക്ടർ വലുതാകണം, രാജ്യത്തിന് കൂടുതൽ പുരോഗതിയുണ്ടാകണം. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനമന്ത്രി തന്ന വിഷൻ കൂടുതൽ ഭംഗിയായി നടത്താൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്,' എസ് സോമനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നേരിട്ടെത്തി തങ്ങളെ ഓരോരുത്തരെയും കണ്ടു സംസാരിച്ചതായും ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ് സൈറ്റിന് പേര് നൽകിയതായും അദ്ദേഹം അറിയിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കുമെല്ലാം മിഷനുകൾ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വീക്ഷണം നടപ്പിലാക്കുക എന്നതാണ് ഐഎസ്ആർഒയുടെയും രാജ്യത്തിന്റെയും ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
ആദിത്യ എൽ 1 സാറ്റലൈറ്റ് പിഎസ്എൽവിയുമായി ഘടിപ്പിച്ചതായും ലോഞ്ചിങ് തീയതി അടുത്ത ദിവസങ്ങളിൽ തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഗന്യാന്റെ ടെസ്റ്റ് വെഹിക്കിൾ ഡെമോൺസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനുമായി ലൂപ്പക്സിന്റെ ചർച്ചകൾ നടക്കുകയാണ് എന്നും ചന്ദ്രയാന്റെ വിജയം അതിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ നാലും അഞ്ചും ആറുമൊക്കെ നടത്തണമെന്നാണ് ആഗ്രഹം. അതിന് ചെലവ് കുറയ്ക്കാനാണ് ശ്രമം. അത് സർക്കാരിന് ബോധ്യമായാൽ കൂടുതൽ മിഷനുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.