ചന്ദ്രനിലെ മേൽമണ്ണിന്റെ താപനില അളന്ന് ചന്ദ്രയാൻ; ആദ്യ നിരീക്ഷണങ്ങൾ പുറത്തുവിട്ടു

ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള മണ്ണിന്റെ താപനില പ്രൊഫൈലിംഗ് നടത്തുന്നത്

dot image

ബെംഗളൂരൂ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച് ചന്ദ്രയാൻ മൂന്ന്.വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രന്റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്റീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില. ഓരോ സെന്റിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യാസാണ് താപനില.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.

ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും പഠനം നടത്തും. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് ഏതൊക്കെ തരം മൂലകങ്ങൾ ഉണ്ടെന്ന് കണ്ടെത്തും. എക്സിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ചന്ദ്രയാൻ പുറത്ത് വിട്ടത്.

'ChaSTE (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ) ചന്ദ്രന്റെ ഉപരിതലത്തിന്റെ താപ സ്വഭാവം മനസ്സിലാക്കുന്നതിനായി മേൽമണ്ണിന്റെ താപനില കണക്കാക്കിയത്. ഇതിന് 10 സെന്റീമീറ്റർ ആഴത്തിൽ എത്താൻ കഴിയുന്ന നിയന്ത്രിത പെനട്രേഷൻ മെക്കാനിസമുള്ള ഒരു ടെമ്പറേച്ചർ പ്രോബ് ഉണ്ട്. ഉപരിതലത്തിൽ 10 വ്യക്തിഗത താപനില സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നു,' ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.

വിവിധ ആഴങ്ങളിൽ താപവ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫും ഐഎസ്ആർഒ പങ്കിട്ടു. 'ഈ ഗ്രാഫ് ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങൾ വരച്ചുകാട്ടുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇത്തരമൊരു പ്രൊഫൈൽ ഇതാദ്യമാണ്. വിശദമായ പഠനം നടത്തിവരുന്നു,' ഐഎസ്ആർഒ അറിയിച്ചു. -10 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയാണ് ഗ്രാഫിൽ കാണിച്ചിരിക്കുന്ന താപനില.

ചന്ദ്രയാൻ 3ന് ഏഴ് പേലോഡുകളുണ്ട്. വിക്രം ലാൻഡറിൽ നാല്, പ്രഗ്യാൻ റോവറിൽ രണ്ട്, ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ പേലോഡും ഉണ്ട്. ഈ പേലോഡുകൾ വ്യത്യസ്ത ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കുന്ന ChaSTE കൂടാതെ, വിക്രമിന് RAMBHA (അയോണുകളും ഇലക്ട്രോണുകളും പഠിക്കാൻ), ILSA (ഭൂകമ്പം പഠിക്കാൻ), LRA (ചന്ദ്രവ്യവസ്ഥയുടെ ചലനാത്മകത മനസ്സിലാക്കാൻ) എന്നിവയുമുണ്ട്.

dot image
To advertise here,contact us
dot image