ഡല്ഹി: ഇന്ത്യ ജി20 അധ്യക്ഷ പദവിയിലേക്ക് വന്നതോടെ സംഘടന കൂടുതല് വിശാലമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യ പൂര്ണ്ണമായും സജ്ജമായെന്നും മന് കി ബാത്തില് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. നാല്പ്പതോളം രാജ്യങ്ങളിലെ പ്രധാനനേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില് പങ്കെടുക്കും. ഇന്ത്യയില് നടക്കുന്ന ജി20 സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നും ജി20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇത്തവണത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാന് 3ന് പിന്നിലെ സ്ത്രീശക്തിയെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ദൗത്യത്തില് നിരവധി വനിതാ ശാസ്ത്രജ്ഞരും എന്ജിനീയര്മാരും പങ്കാളികളായതും പ്രധാമന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ പെണ്മക്കള് കൂടി ചേരുമ്പോള് രാജ്യത്തിന്റെ വികസനത്തെ തടയാന് ആര്ക്കാണ് ആവുകയെന്നും മോദി ചോദിച്ചു. ചന്ദ്രയാന് ദൗത്യം പുതിയ ഇന്ത്യയുടെ അടയാളമായി മാറിയെന്നും ഏതു സാഹചര്യത്തിലും എങ്ങനെ വിജയിക്കാമെന്ന് അത് കാണിച്ചു തരുന്നുവെന്നും മോദി മന് കി ബാത്തില് പറഞ്ഞു.
ലോകത്തിലെ പ്രധാനപ്പെട്ട വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20യുടെ അധ്യക്ഷസ്ഥാനം 2022ഡിസംബറിലാണ് ഇന്ത്യ ഏറ്റെടുത്തത്. സെപ്തംബര് 9,10 തീയതികളിലാണ് ഈ വര്ഷത്തെ ജ20 ഉച്ചകോടി ഡല്ഹിയില് ചേരുന്നത്.