ഇൻഡ്യ- എൻഡിഎ ആദ്യ പോരാട്ടത്തിന് വഴിയൊരുക്കി ഘോസി തിരഞ്ഞെടുപ്പ്

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ അസംഗഢും രാംപൂരും കഴിഞ്ഞ വർഷം നഷ്ടപ്പെട്ടതിൻ്റെ പേരിൽ എസ്പി അദ്ധ്യക്ഷൻ അഖിലേഷിനെതിരെ തുടർച്ചയായ വിമർശനം ഉയർന്നിരുന്നു

dot image

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ഘോസി ഉപതിരഞ്ഞെടുപ്പിൽ 'ഇൻഡ്യ- എൻഡിഎ' ആദ്യ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. സെപ്തംബർ 5ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിൽ പോരാട്ടം നടത്താനൊരുങ്ങുന്നത്. മൗ ജില്ലയിലെ ഘോസി മണ്ഡലത്തിൽ 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി നേതാവായിരുന്ന ദാരാ സിംഗ് ചൗഹാനായിരുന്നു മത്സരിച്ച് വിജയിച്ചത്. പീന്നീട് ബിജെപിയിൽ ചേക്കേറിയ ചൗഹാൻ തന്നെയാണ് ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.

ദാരാ സിംഗ് ചൗഹാൻ കഴിഞ്ഞ മാസമാണ് എസ്പി വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ചൗഹാൻ എസ്പിയിലെത്തിയത്. പിന്നീട് തിരിച്ച് ബിജെപിയിലേക്ക് തന്നെ പോവുകയായിരുന്നു. സുധാകർ സിംഗാണ് എസ്പി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത്. എസ്പി ആവശ്യപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്, സിപിഐഎം, സിപിഐ(എം എൽ), ജെഡിയു എന്നീ പാർട്ടികൾ സുധാകർ സിംഗിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ അസംഗഢും രാംപൂരും കഴിഞ്ഞ വർഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് എസ്പി അദ്ധ്യക്ഷൻ അഖിലേഷിന് തുടർച്ചയായി പരിഹാസമേൽക്കേണ്ടി വരുന്നുണ്ട്. പാർട്ടി മാറിക്കൊണ്ടിരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ചൗഹാനെതിരെ പ്രകടമായ ജനരോഷം എസ്പി സ്ഥാനാർത്ഥിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, മന്ത്രിമാരായ ജിതിൻ പ്രസാദ, എ കെ ശർമ എന്നിവരൊക്കെയും ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണരംഗത്ത് സജീവമായുണ്ട്.

ഘോസിയിലെ 4.37 ലക്ഷം വോട്ടർമാരിൽ ഭൂരിപക്ഷം മുസ്ലിം ജനവിഭാഗത്തിനാണ്. ദളിത് വിഭാഗത്തിനും ഇവിടെ ഗണ്യമായ സ്വാധീനമുണ്ട്. മുസ്ലിം-ദളിത് വോട്ടുകൾക്ക് പ്രാമുഖ്യമുള്ള ഇവിടെ 77,000ത്തോളം വരുന്ന ഉയർന്ന ജാതിക്കാരുടെ വോട്ടും നിർണ്ണായകമാണ്. 90,000ത്തോളം മുസ്ലിം വോട്ടർമാരും 60,000ത്തോളം ദളിത് വോട്ടർമാരും ഇവിടെയുണ്ടെന്നാണ് സൂചന. 45,000ത്തോളം ഭൂമിഹാർ, 16,000ത്തോളം രജപുത്രർ, 6,000ത്തോളം ബ്രാഹ്മണർ എന്നിങ്ങനെയാണ് ഇവിടുത്തെ വോട്ടർമാരുടെ ജാതി തിരിച്ചുള്ള നില. കോൺഗ്രസും ബിഎസ്പിയും മത്സരരംഗത്തില്ലാത്തതിനാൽ മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ എസ്പിയിലേക്ക് പോകാനാണ് സാധ്യത. ദളിത് വോട്ടുകളാണ് മണ്ഡലത്തിലെ വിജയപരാജയം നിർണയിക്കുക. ഒരു രജപുത്ര സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ ബിജെപിയുടെ വോട്ട് ബാങ്കിനെ തകർക്കാൻ കഴിയുമെന്നാണ് എസ്പി പ്രതീക്ഷിക്കുന്നത്.

Story Highlights: Ghosi by-election to Uttar Pradesh assembly, India-NDA set for first battle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us