ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്പ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് പുറത്തുവിട്ട ആരോപണങ്ങൾ നിഷേധിച്ച് കമ്പനി. അടിസ്ഥാനരഹിതമായ ഹിൻഡൻബെർഗ് ആരോപണങ്ങളെ പിന്തുണയ്ക്കുവാനാണ് പുതിയ റിപ്പോർട്ട്. ഒരു ദശാബ്ദം മുമ്പ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അന്വേഷിച്ച് തള്ളിയ കേസിലെ ആരോപണങ്ങളാണ് വീണ്ടും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ നിലവിൽ സെബിയുടെ അന്വേഷണ പരിധിയിലാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിരവധി അന്വേഷണങ്ങളുണ്ട്. അദാനി ഗ്രൂപ്പിന്റെ ഇടപാടുകൾ പൂർണമായും കൃത്യമായാണ് നടക്കുന്നതെന്നും കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില് ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഒസിസിആർപി ഒരു ലേഖനത്തിലാണ് വ്യക്തമാക്കിയിരുന്നത്. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്ത്തകരുടെ കൂട്ടായ്മയാണ് ഓര്ഗനൈസ്ഡ് ക്രൈം ആന്ഡ് കറപ്ഷന് റിപ്പോര്ട്ടിംഗ് പ്രോജക്റ്റ് (OCCRP).
അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസർ അലി ശഹബാൻ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവർ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവർ. എന്നാൽ ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തിൽ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒസിസിആർപി പറഞ്ഞു.
ചാങ്ങിന്റെ ലിംഗോ ഇന്വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന് ട്രേഡ് (മൗറീഷ്യസ്), ഗള്ഫ് ഏഷ്യ ട്രേഡ് ആന്ഡ് ഇന്വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില് നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്ത്താന് ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്പി പറയുന്നു.