മുംബൈ: മഹാരാഷ്ട്രയില് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയും ഉപമുഖ്യമന്ത്രി അജിത് പവാറും അസ്വാരസ്യത്തിലെന്ന് സൂചന. ധനകാര്യ മന്ത്രി അജിത് പവാര് അംഗീകരിച്ച മന്ത്രിസഭാ നിര്ദേശങ്ങളും ഫയലുകളും ആദ്യം ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനെ കാണിക്കണമെന്നും അതിനുശേഷം മാത്രമേ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കൈമാറേണ്ടതുള്ളൂ എന്നുമുള്ള നിര്ദേശം കഴിഞ്ഞ ദിവസം ഷിന്ഡെ മുന്നോട്ട് വെച്ചിരുന്നു. ഇതാണ് അജിത് പവാറിനെ അസ്വസ്ഥനാക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്.
റൂള് പ്രകാരം ധനമന്ത്രി അംഗീകരിച്ച മന്ത്രിസഭാ നിര്ദേശങ്ങളും ഫയലുകളും നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാം എന്നിരിക്കെയാണ് ഷിന്ഡെയുടെ നിര്ദേശം. ജൂലൈ 26 നാണ് ഇത്തരമൊരു നിര്ദേശം ചീഫ് സെക്രട്ടറി മനോജ് സൗനിക്ക് പുറത്തിറക്കിയത്. മന്ത്രിസഭാ കാര്യങ്ങള് ആദ്യം ധനമന്ത്രിയെ കാണിക്കാതെ മന്ത്രിസഭയിലേക്ക് പോകില്ലെന്നാണ് ചട്ടം. വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി, വകുപ്പ് മന്ത്രി, ധനമന്ത്രി ശേഷം മുഖ്യമന്ത്രി എന്നിങ്ങനെയാണ് ക്യാബിനറ്റ് ഫയലുകള് സാധാരണ നീങ്ങുന്നത്. ഇതിനിടെയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഫഡ്നാവിസിലേക്ക് ഫയലുകള് എത്തണമെന്ന് നിര്ദേശം ചീഫ്സെക്രട്ടറി അറിയിക്കുന്നത്.
എന്സിപി പിളര്ത്തി അജിത് പവാര് എന്ഡിഎയില് എത്തിയത് മുതല് ഷിന്ഡെ പക്ഷം അതൃപ്തിയിലാണ്. പിന്നാലെയാണ് മന്ത്രിസഭയിലേക്കും എത്തുന്നത്. അജിത് പവാറിന്റേയും എംഎല്എമാരുടേയും വരവ് തങ്ങളുടെ വിലപേശല്ശേഷി കുറയ്ക്കുമെന്ന ആശങ്കയാണ് ഷിന്ഡെ പക്ഷത്തിന് ഉള്ളത്. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാര് എത്തുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളും ഉണ്ട്.