ന്യൂഡല്ഹി: 'ഇന്ഡ്യ' യോഗത്തില് വളരെ ശക്തമായ ചില തീരുമാനങ്ങള് എടുത്തിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം വേഗത്തിലാക്കുമെന്നും മുന്നണിയുടെ ഉന്നതാധികാര സമിതിയായ കോഓര്ഡിനേഷന് സമിതി പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ജനങ്ങളില് നിന്ന് പണം എടുത്ത് ചുരുക്കം ചില ആളുകള്ക്ക് കൈമാറുകയാണ് മോഡി സര്ക്കാര്. ചൈന ഇന്ത്യന് ഭൂമി കവര്ന്നെടുക്കുന്നു. ലഡാക്കിലെ ഓരോ ആളുകള്ക്കും ഇതറിയാം. ദേശീയ പ്രാധാന്യമുള്ളതും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും രാഹുല് ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയും ഒരു പ്രത്യേക വ്യവസായിയും തമ്മിലുള്ള ബന്ധം എല്ലാവരും കാണുന്നതാണ്. പ്രധാനമന്ത്രിയും ബിജെപിയും അഴിമതിയുടെ കേന്ദ്രമാണ്. അത് തുറന്നുകാണിക്കുകയും തെളിയിക്കുകയും ചെയ്യുക എന്നതാണ് ഇന്ഡ്യ മുന്നണിയുടെ ആദ്യ ലക്ഷ്യമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താനുള്ള വലിപ്പം 'ഇന്ഡ്യ' മുന്നണിക്കുണ്ട്. തങ്ങള് വ്യക്തമായ വികസന പാത മുന്നോട്ടുവെക്കും. രാജ്യത്തെ പാവങ്ങളുടെ ക്ഷേമം അതിലുണ്ടാവും. ഈ വേദി ഇന്ത്യന് ജനതയുടെ 60%ത്തെ പ്രതിനീധികരിക്കുന്നു. ഈ പാര്ട്ടികളെല്ലാം ഒരുമിച്ചാല് ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില് വിജയിക്കല് എളുപ്പമാവില്ലെന്നും രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.