ന്യൂഡൽഹി: കന്യാകുമാരി-കാശ്മീർ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിനോട് അനുബന്ധിച്ച് ജില്ലാതലത്തിൽ യാത്രകൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചിരുന്നത്. ഏഴിന് വിപുലമായ പരിപാടികൾ നടത്താനാണ് പാർട്ടിയുടെ തീരുമാനം.
യാത്ര എത്ര ദൈർഘ്യമുളളതായിരിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
2022 സെപ്റ്റംബർ ഏഴിന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 2023 ജനുവരി 30ന് ആണ് അവസാനിച്ചത്. ശ്രീനഗറിൽ 145-ാം ദിവസമാണ് രാഹുൽ ഗാന്ധി തന്റെ യാത്ര അവസാനിപ്പിച്ചത്. 'ഞാൻ യാത്ര നടത്തിയത് എനിക്കോ, പാർട്ടിക്കോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ അടിത്തറ തകർക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലനിൽക്കലാണ് ഞങ്ങളുടെ ലക്ഷ്യം,' ഭാരത് ജോഡോയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ശ്രീനഗറിലെ ഷേർ-ഇ- ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഭാരത് ജോഡോയുടെ സമാപന സമ്മേളനം.
യാത്രയിലുടനീളം 12 പൊതുയോഗങ്ങൾ, 13 വാർത്താസമ്മേളനങ്ങൾ, 275 ൽപരം ആസൂത്രിതമായ പ്രത്യേക കൂടിക്കാഴ്ചകളും രാഹുൽ ഗാന്ധി നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചുവെന്ന് പല വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടി സഹപ്രവർത്തകൻ ദിഗ്വിജയ് സിങ് എന്നിവരായിരുന്നു യാത്രയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രം. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റം യാത്രയുടെ പ്രതിഫലനമാണെന്നും ജയറാം രമേശ് അന്ന് പറഞ്ഞിരുന്നു.
യാത്രയിൽ നിന്ന് കോൺഗ്രസ് വൻ നേട്ടമുണ്ടാക്കി. യാത്രയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. 4,000 കിലോമീറ്ററിലധികം താണ്ടിയ രാഹുലിന്റെ യാത്രയിൽ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തുളള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. കമൽഹാസൻ, പൂജാ ഭട്ട്, റിയ സെൻ, സ്വര ഭാസ്കർ, രഷാമി ദേശായി, ആകാംക്ഷ പുരി, അമോൽ പലേക്കർ തുടങ്ങിയ നിരവധി പേർ യാത്രയിൽ രാഹുലിനൊപ്പം ചേർന്നിരുന്നു.