'വിക്രം ലാന്ഡര് വീണ്ടും സോഫ്റ്റ് ലാന്ഡ് ചെയ്തു'; ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ലാന്ഡറിനെ വീണ്ടും ഉപരിതലത്തിൽ നിന്ന് ഉയർത്താനാകുന്നത് മനുഷ്യരുൾപ്പെട്ട യാത്രയിൽ നിർണായകമാണെന്ന് ഐഎസ്ആർഒ പറഞ്ഞു. പേടകം മികച്ച നിലയിൽ പ്രവർത്തിച്ചെന്നും ഐഎസ്ആർഒ അറിയിച്ചു

dot image

ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ വീണ്ടും സോഫ്റ്റ് ലാന്ഡ് ചെയ്ത് ചന്ദ്രയാൻ- 3ൻ്റെ വിക്രം ലാന്ഡര്. 'ഹോപ്പ്' പരീക്ഷണത്തിൻ്റെ ഭാഗമായി ആയിരുന്നു ലാന്ഡറിനെ ഐഎസ്ആർഒ വീണ്ടും ലാന്ഡ് ചെയ്യിപ്പിച്ചത്. 40 സെൻ്റീമീറ്റർ ഉയർത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റർ മാറി വീണ്ടും ലാൻഡ് ചെയ്തത്. ലാന്ഡറിനെ വീണ്ടും ഉപരിതലത്തിൽ നിന്ന് ഉയർത്താനാകുന്നത് മനുഷ്യരുൾപ്പെട്ട യാത്രയിൽ നിർണായകമാണെന്ന് ഐഎസ്ആർഒ പറഞ്ഞു. പേടകം മികച്ച നിലയിൽ പ്രവർത്തിച്ചെന്നും ഐഎസ്ആർഒ അറിയിച്ചു.

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുൾപ്പെടെ നിരവധി കണ്ടെത്തലുകൾ ദൗത്യത്തിലൂടെ ഐഎസ്ആർഒ നടത്തി.

14 ദിവസത്തിന് ശേഷം റോവറും ലാൻഡറും ഇന്നലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ദീർഘനിദ്രയിലേക്ക് പോകുന്നതിന് മുൻപാണ് ഹോപ് പരീക്ഷണം നടന്നത്. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് പ്രവർത്തനം നിലച്ച് ദീർഘനിദ്രയിലേക്ക് പോയത്. 14 ദിവസത്തിന് ശേഷം വീണ്ടും ഇവ പ്രവർത്തിച്ചു തുടങ്ങുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ലെന്ന കണക്കുകൂട്ടലിൽ പേലോഡുകൾ ഉപയോഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആർഒ നേരത്തെ പൂർത്തിയാക്കിയിരുന്നു.

Story Highlights: Vikram Lander soft-landed again on the lunar surface

dot image
To advertise here,contact us
dot image