ന്യൂഡൽഹി: ഈ മാസം 18ന് ചേരുന്ന പാർലമെന്റ് പ്രത്യേക സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിൽ നടക്കും. 19 ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം ചേർന്നേക്കും. 19 ഗണേശ ചതുർഥി ആയതിനാൽ അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നാണ് സൂചന.
സമ്മേളനത്തിന്റെ അജണ്ടയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള നീക്കമാണെന്നും ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കമാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്.
അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്. ഇൻഡ്യ സഖ്യത്തിന് വേണ്ടിയാണ് സോണിയ ഗാന്ധിയുടെ കത്ത്. ചൊവ്വാഴ്ച മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിശോധിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. വൈകിട്ട് രാം നാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം. യോഗത്തിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഒഴികെ എല്ലാ അംഗങ്ങളും പങ്കെടുക്കും. സമിതി എത്രയും വേഗം സർക്കാരിന് റിപ്പോർട്ട് നൽകിയേക്കും.