ബെംഗളൂരു: യാത്രക്കിടെയുള്ള ചിത്രങ്ങളയച്ച് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1. ആദിത്യ അയച്ച രണ്ടു ചിത്രങ്ങളാണ് ഐഎസ്ആർഒ ഇന്ന് പുറത്തുവിട്ടത്. പേടകത്തിലെ രണ്ട് പേലോഡുകൾ കാണാവുന്ന സെൽഫിക്കൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളും ആദിത്യ എടുത്തിട്ടുണ്ട്. വിസിബിള് എമിഷന് ലൈന് കൊറോണഗ്രാഫും (വിഇഎല്സി), സോളാര് അള്ട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ് യു ഐ ടി) എന്നിവ ആദിത്യയുടെ സെൽഫിയിൽ കാണാം.
Aditya-L1 Mission:
— ISRO (@isro) September 7, 2023
👀Onlooker!
Aditya-L1,
destined for the Sun-Earth L1 point,
takes a selfie and
images of the Earth and the Moon.#AdityaL1 pic.twitter.com/54KxrfYSwy
സെപ്തംബർ രണ്ടിനായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില് നിന്ന് ആദിത്യ എല്1 വിക്ഷേപിച്ചത്. പിഎസ്എല്വി- സി57 റോക്കറ്റാണ് പേടകത്തെയും വഹിച്ച് കുതിച്ചുയര്ന്നത്. ഭൂമിയില് നിന്ന് 15 ലക്ഷം കിലോമീറ്റര് അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തിന്റെ യാത്ര. ഭ്രമണപഥം ഉയർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു.
നാല് മാസമെടുത്താകും പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്ഷണ ബലം സന്തുലിതമായ ഈ പോയിന്റില് നിന്നാകും ആദിത്യ എല്1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകള് ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന് വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല് എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല് വണ്ണിലുള്ളത്. നാലെണ്ണം സൂര്യനില് നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും.
പേടകത്തിലെ പ്രധാന പേലോഡായ വിസിബിള് എമിഷന് ലൈന് കോറോണഗ്രാഫ് മിനിറ്റില് ഒന്നെന്ന കണക്കില് ദിവസേന 1440 ചിത്രങ്ങള് പകര്ത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന് മൂന്നിന് പിന്നാലെ ആദിത്യ എല് വണ് കൂടി വിജയിച്ചാല് ഇന്ത്യക്കും ഐഎസ്ആര്ഒയ്ക്കും അത് വലിയ നേട്ടമാകും.
Story Highlights: ISRO released two pictures sent by Aditya