'ജി20യുടെ പേരിൽ വിവാദത്തിനില്ല,വസ്തുതകൾ അറിയിച്ചു';ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ ഗെലോട്ട്

'തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വിഫലശ്രമം ആഭ്യന്തരമന്ത്രാലയം നടത്തിയതെന്നതിൽ ദുഃഖമുണ്ട്'; അശോക് ഗെലോട്ട് വിമർശിച്ചു

dot image

ഡൽഹി: ജി 20 ഉച്ചകോടി നടക്കുന്നതിനാൽ മുഖ്യമന്ത്രിമാരുടെയോ ഗവർണർമാരുടെയോ വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താൻ വിമാന യാത്രയ്ക്ക് രാവിലെ തന്നെ അനുമതി തേടിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെയാണ് അനുമതി ലഭിച്ചത്. ജി-20 യുടെ പേരിൽ ഒരു വിവാദവും സൃഷ്ടിക്കാൻ താൻ ആഗ്രഹിച്ചില്ല. വസ്തുതകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത് എന്ന് അശോക് ഗെലോട്ട് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.

'ഇന്നലെ ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വിമാനത്തിലും ജയ്പൂരിൽ നിന്ന് സിക്കാറിലേക്കും സിക്കാറിൽ നിന്ന് നിവായിലേക്കും ഹെലികോപ്റ്ററിൽ പോകാനുമായിരുന്നു എന്റെ പദ്ധതി. ഇതിനായി ഉദയ്പൂരിൽ നിന്ന് ഹെലികോപ്റ്റർ നേരത്തെ ജയ്പൂരിലെത്തേണ്ടതായിരുന്നു. എന്നാൽ ജി-20 പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രി ഉള്ളപ്പോൾ മാത്രമേ ഹെലികോപ്റ്ററിനോ വിമാനത്തിനോ യാത്ര ചെയ്യാൻ കഴിയൂ എന്നാണ് അറിയിച്ചത്,'

'രാവിലെ 10.48ന് ഇ-മെയിൽ വഴി ഹെലികോപ്റ്റർ പറത്തുവാൻ അനുമതി തേടിയെങ്കിലും ഉച്ചയ്ക്ക് 2.50 വരെ അനുമതി ലഭിച്ചില്ല. ഉച്ചയ്ക്ക് 2.52 ന് വരാൻ കഴിയാത്തതിന്റെ കാരണം പൊതുജനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ഓം ദാസ് മഹാരാജിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനുശേഷം, 3.58ന് അനുമതി ലഭിച്ചു. പക്ഷേ അപ്പോഴേക്കും ഞാൻ ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വിമാനത്തിൽ പുറപ്പെട്ടിരുന്നു. ജയ്പൂരിലെത്തിയ ശേഷം ഞാൻ റോഡ് മാർഗം യാത്ര ചെയ്തു,' അശോക് ഗെലോട്ട് പറഞ്ഞു.

'ജി 20 യുടെ പേരിൽ ഒരു വിവാദവും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. വസ്തുതകൾ പൊതുജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വിഫലശ്രമം ആഭ്യന്തരമന്ത്രാലയം നടത്തിയതെന്നതിൽ ദുഖമുണ്ട്,' അശോക് ഗെലോട്ട് വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഉദയ്പൂരിൽ നിന്ന് സിക്കാറിലേക്കുള്ള തന്റെ വിമാനത്തിന് എംഎച്ച്എ അനുമതി നിഷേധിച്ചതായി അശോക് ഗെലോട്ട് പറഞ്ഞത്. പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഒരു അഭ്യർത്ഥനയും നിരസിച്ചിട്ടില്ലെന്നും വിമാന അനുമതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് ലഭിച്ച നാല് അഭ്യർത്ഥനകളും അംഗീകരിച്ചിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി എത്തി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഡൽഹിയിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങളൊന്നും പോകാത്തതിനാൽ രാഷ്ട്രപതിയുടെ ജി20 അത്താഴ വിരുന്നിൽ പങ്കെടുക്കാനാകില്ലെന്ന് ബാഗേൽ പറഞ്ഞു.

dot image
To advertise here,contact us
dot image