ന്യൂഡല്ഹി: ജി20 ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയെ ആദരിച്ച് ലോകനേതാക്കള്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമെത്തിയാണ് ലോകനേതാക്കള് പുഷ്പ ചക്രമര്പ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, അമേരിക്കല് പ്രസിഡന്റ് ജോ ബൈഡന്, കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ജപ്പാന് പ്രധാനമന്ത്രി ഫൂമിയോ കിഷിദ, റഷ്യന് വിദേശകാര്യ മന്ത്രി സെര്ജി ലാവ്റോ തുടങ്ങിയവര് രാജ്ഘട്ടിലെത്തി. പുഷ്പാര്ച്ചന നടത്തിയ ശേഷം വൃക്ഷത്തൈ നടുന്നതിനായി നേതാക്കള് ഭാരതമണ്ഡപത്തിലെത്തും. ഇതിന് പിന്നാലെയാണ് ജി20 ഉച്ചകോടിയുടെ മൂന്നാം സെഷന് 'വണ് ഫ്യൂച്ചര്' ആരംഭിക്കുന്നത്.
12 മണിക്ക് ശേഷം ഉഭയകക്ഷി ചര്ച്ചകള്ക്കുള്ള സമയമാണ്. അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്ച്ചനടത്തി. വ്യാപാര - വാണിജ്യ - പ്രതിരോധ മേഖലയില് കൂടുതല് കരാറുകള്ക്ക് ഇന്ന് സാധ്യതയുണ്ട്. വിവിധ ലോകനേതാക്കള് ഡല്ഹിയിലുള്ള ചരിത്ര സ്മാരകങ്ങള് സന്ദര്ശിക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് രാവിലെ ഭാര്യ അക്ഷത മൂര്ത്തിക്കൊപ്പം അക്ഷര്ഥാം ക്ഷേത്ര ദര്ശനം നടത്തി. ഒരു ഭുമി, ഒരു കുടുംബം പ്രമേയങ്ങളില് ഇന്നലെ ചര്ച്ചകള് പൂര്ത്തിയായി. സംയുക്ത പ്രസ്താവന സമവായം ഉണ്ടാക്കി ഇന്നലെ തന്നെ ഇറക്കാന് കഴിഞ്ഞത് ഇന്ത്യയ്ക്ക് ഏറെ നേട്ടമായി.
രണ്ട് ദിവസമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല് പന്ത്രണ്ടര വരെ നീണ്ടുനില്ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സ മാപനം ആകുക. ഒരു ഭാവി എന്ന വിഷയത്തില് മാനവരാശി നേരിടാന് പോകുന്ന വെല്ലുവിളികള്, സാങ്കേതിക വിഷയങ്ങള്, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളില് ചര്ച്ചകള് നടക്കും.