ന്യൂഡൽഹി: ജി20 യുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഖലിസ്ഥാൻ വാദികളുടെ പ്രവര്ത്തനങ്ങളോട് കാനേഡിയന് സര്ക്കാര് സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് ചർച്ച ചെയ്തതായി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
അഭിപ്രായസ്വാതന്ത്ര്യം കാനഡ അനുവദിക്കുമെന്നും സമാധാനപരമായി പ്രതിഷേധിക്കാനുളള അവസരമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. നിയമവാഴ്ച ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചു. ചിലർ ചെയ്യുന്ന പ്രവർത്തികൾ ഒരു സമൂഹം ഒന്നാകെ ചെയ്തതായി കണക്കാക്കേണ്ടതില്ലെന്ന് ട്രൂഡോ പറഞ്ഞു. ലോക സമ്പത്ത് വ്യവസ്ഥയിൽ ഇന്ത്യ മുഖ്യമായ ഒരു ശക്തിയാണ്. അതുപോലെ കാനഡയെ സംബന്ധിച്ചോളം പ്രധാനപ്പെട്ട ഒരു പങ്കാളിയുമാണ് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനേഡിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള ചർച്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയും കാനഡയും തമ്മിൽ വിവിധ മേഖലകളിലെ ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
Met PM @JustinTrudeau on the sidelines of the G20 Summit. We discussed the full range of India-Canada ties across different sectors. pic.twitter.com/iP9fsILWac
— Narendra Modi (@narendramodi) September 10, 2023
അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.