ഇംഫാൽ: മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിൽ സംഘർഷാവസ്ഥ തുടരുന്നു. കനത്ത സുരക്ഷയാണ് ടൗണിൽ ഒരുക്കിയിരിക്കുന്നത്. അസം റൈഫിൾസിന്റെ കൂടുതൽ സംഘത്തെ മേഖലയിൽ വിന്യസിച്ചു. ഇന്നലെ രാത്രിയും പ്രദേശത്ത് വെടിവെപ്പ് നടന്നതായാണ് വിവരം. ആറ് മാസം കൂടി സംസ്ഥാനം പ്രശ്ന ബാധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. അമ്പതിലധികം ആളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരിൽ ഒരാൾ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മറ്റ് രണ്ടു പേർ സംഘർഷത്തിലാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. മൊൽനോയ് ഗ്രാമത്തിൽ സുരക്ഷാ സേനയും ആയുധധാരികളും തമ്മിൽ വെടിവെപ്പുണ്ടായി.
വെടിവെപ്പിന്റെ വാർത്ത പ്രചരിച്ചതോടെ മെയ്തി സമുദായാംഗങ്ങൾ പല്ലേൽ ടൗണിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് ചെയ്ത് എത്തിയവർ സുരക്ഷാ ചെക്ക് പോസ്റ്റുകൾ തകർക്കാൻ ശ്രമിച്ചു. പൊലീസ് യൂണിഫോമിൽ സായുധരായ ചിലർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളാക്കി. ഈ സംഘർഷത്തിൽ ഒരു സൈനിക മേജറിന് വെടിയേറ്റു. ഇയാളെ ഹെലികോപ്റ്ററിൽ ലെയ്മഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലിൽ സുരക്ഷാ സേന കണ്ണീർ വാതകവും ഷെല്ലാക്രമണവും നടത്തി. അക്രമത്തിൽ 45 ഓളം സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിർത്താനുളള ശ്രമത്തിലാണ് സൈന്യം.
അതേസമയം എഡിറ്റേഴ്സ് ഗിൽഡിന്റെ മൂന്ന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് മണിപ്പൂർ പൊലീസിനെ സുപ്രീംകോടതി തടഞ്ഞിരുന്നു. മണിപ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്ഡ് നൽകിയ ഹര്ജിയിലാണ് നടപടി. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മണിപ്പൂർ സംഘർഷത്തെ കുറിച്ച് ഏകപക്ഷീയമായി വാർത്ത നൽകിയെന്ന എഡിറ്റേഴ്സ് ഗിൽഡിന്റെ റിപ്പോർട്ടിനെതിരെയാണ് കേസ്. വിഷയത്തിൽ മണിപ്പൂർ സർക്കാരിന്റെ വിശദീകരണം കോടതി തേടിയിട്ടുണ്ട്.