ആദിത്യ എൽ1 ഒരു ചുവട് കൂടി മുന്നോട്ട് ; മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയം

ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൊറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേർന്നാണു പേടകത്തെ നിയന്ത്രിക്കുന്നത്

dot image

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരു തവണ കൂടി ഭ്രമണപഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള ട്രാന്സ്ഫര് ഓര്ബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിൽ എത്തുക.

ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൊറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേർന്നാണു പേടകത്തെ നിയന്ത്രിക്കുന്നത്. ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 296 കിലോമീറ്ററും കൂടിയ ദൂരം 71,767 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം. സെപ്തംബർ 15നാണ് അടുത്ത ഭ്രമണപഥം ഉയർത്തലെന്ന് ഐഎസ്ആർഒ അറിയിച്ചു. സെപ്തംബര് രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില് നിന്ന് ആദിത്യ എല്1 വിക്ഷേപിച്ചത്. പിഎസ്എല്വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം.

നാല് മാസമെടുത്താകും പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്ഷണ ബലം സന്തുലിതമായ ഈ പോയിന്റില് നിന്നാകും ആദിത്യ എല്1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകള് ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന് വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല് എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല് 1ലുള്ളത്. നാലെണ്ണം സൂര്യനില് നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും.

പേടകത്തിലെ പ്രധാന പേലോഡായ വിസിബിള് എമിഷന് ലൈന് കോറോണഗ്രാഫ് മിനിറ്റില് ഒന്നെന്ന കണക്കില് ദിവസേന 1440 ചിത്രങ്ങള് പകര്ത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന് മൂന്നിന് പിന്നാലെ ആദിത്യ എല് 1 കൂടി വിജയിച്ചാല് ഇന്ത്യക്കും ഐഎസ്ആര്ഒയ്ക്കും അത് വലിയ നേട്ടമാകും.

Story Highlights: Third Earth-bound maneuvre of Aditya L1 is performed successfully from ISTRAC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us