'ജി20 മോദിയുടെ നേട്ടം'; തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ബിജെപി

ഉച്ചകോടിയുടെ ഫലങ്ങളും പ്രധാന ചർച്ചകളും വരും ദിവസങ്ങളിൽ വൻതോതിൽ പരസ്യമാക്കപ്പെടുമെന്നും പാർട്ടിയുടെ നേട്ടമായി ഇത് ഉയർത്തിക്കൊണ്ടു വരുമെന്നാണ് വിവരം

dot image

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയർത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം.

രാജ്യാന്തര തലത്തിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമർശിച്ചിരുന്നു. ഉക്രെയ്ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവും സമഗ്രവുമായ വളർച്ച തുടങ്ങിയ നിർണായക വിഷയങ്ങളിൽ സമവായത്തിൽ ഉച്ചകോടി അവസാനിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു. ഉച്ചകോടിയുടെ ഫലങ്ങളും പ്രധാന ചർച്ചകളും വരും ദിവസങ്ങളിൽ വൻതോതിൽ പരസ്യമാക്കപ്പെടുമെന്നും വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി പാർട്ടിയുടെ നേട്ടമായി ഇത് ഉയർത്തിക്കൊണ്ടു വരുമെന്നാണ് വിവരം.

റഷ്യ-ഉക്രെയ്ൻ യുദ്ധം പോലുള്ള വിഷയങ്ങളിൽ പോലും ലോകനേതാക്കളെ ഒരു വേദിയിൽ ഒന്നിച്ചു ചേർത്ത് സമവായം രൂപീകരിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് ബിജെപി വാദം. മോദിയുടെ നേതൃത്വത്തിന്റെ സ്വീകാര്യതയാണ് ഇതെന്നും ബിജെപി പറയുന്നു. ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കുന്ന മോദിയെ ഇകഴ്ത്തുന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷത്തെ ആക്രമിക്കാൻ ജി20 ഉപയോഗിക്കാനും ബിജെപിക്ക് പദ്ധതിയുണ്ടെന്നാണ് വിവരം.

അഥിതികൾക്കായി രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുത്തത് പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങൾ പോലും മോദിയെ അംഗീകരിക്കുന്നതിന്റെ ഫലമായാണെന്നാണ് ബിജെപി വിലയിരുത്തൽ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള ശബ്ദമായി ഉയർന്നുവന്നിട്ടുണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും പറഞ്ഞിരുന്നു.

ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉച്ചകോടിയെ മുതലെടുക്കുന്ന ബിജെപി സമീപനത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിലെ വിജയം സർക്കാരിന് ഗുണം ചെയ്യും എന്നത് സ്വാഭാവികമായ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുൻപ് ഇത്തരം അന്താരാഷ്ട്ര യോഗങ്ങൾ നടന്നപ്പോഴും അന്നത്തെ സർക്കാരുകൾക്ക് പ്രയോജനം ചെയ്തു. അന്നത്തെ സർക്കാരുകൾ അത് കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകാര്യം ചെയ്തു. അന്ന് എല്ലാ മുഖ്യമന്ത്രിമാരെയും സ്വീകരണത്തിന്റെ ഭാഗമാക്കി. ആഭ്യന്തര രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനുള്ള വഴികളായി അന്താരാഷ്ട്ര തലത്തിലുള്ള നേട്ടങ്ങളെ കാണരുതെന്നും ജയറാം രമേശ് പറഞ്ഞു.

Story Highlights: BJP with a plan to present G20 as Modi's achievement in the elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us