ചെന്നൈ: സനാതന ധർമ്മ വിവാദത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ബിജെപി വഷപ്പാമ്പാണെന്നാണ് ഉദയനിധിയുടെ പുതിയ പരാമർശം. എഐഎഡിഎംകെയെയും ഉദയനിധി വിമർശിച്ചു. നെയ് വേലിയിൽ ഡിഎംകെ എംഎൽഎ സഭാ രാജേന്ദ്രന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഉദയനിധിയുടെ വിമർശനം.
'ഒരു വിഷപ്പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് കടന്നാൽ അതിനെ പുറത്തേക്ക് വലിച്ചെറിയരുത്. എന്തുകൊണ്ടെന്നാൽ അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളിൽ ഒളിച്ചിരുന്നേക്കാം. നിങ്ങൾ കുറ്റിക്കാടുകൾ വെട്ടിക്കളയണം. അല്ലെങ്കിൽ ആ പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരും,' ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
'നിലവിലുളള സാഹചര്യങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുകയാണെങ്കിൽ, തമിഴ്നാടിനെ ഞങ്ങളുടെ വീടായും ബിജെപിയെ വിഷപ്പാമ്പായും ഞങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളെ എഐഎഡിഎംകെയായും ഞാൻ കരുതുന്നു. നിങ്ങൾ ചപ്പുചവറുകൾ നീക്കം ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് സൂക്ഷിക്കാൻ കഴിയില്ല. ബിജെപിയെ തുരത്താൻ എഐഎഡിഎംകെയെ ഇല്ലാതാക്കണം,' അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എ രാജ പ്രധാനമന്ത്രി മോദിയെ പാമ്പിനോട് ഉപമിച്ചിരുന്നു. 'എല്ലാവരും മോദി എന്ന പാമ്പിനെ തല്ലാൻ തയ്യാറാണ്, പക്ഷേ പാമ്പുകടിയ്ക്കുള്ള മറുമരുന്ന് ഇല്ല. എല്ലാവരും വടിയുമായി സമീപിക്കുന്നു. പക്ഷേ പാമ്പ് കടിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതിന് പ്രതിവിധിയില്ല,' എ രാജ പറഞ്ഞിരുന്നു. ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരടക്കം വിമർശനമുയർത്തിയിരുന്നു.
സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം. സനാതന ധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു. 'ചില കാര്യങ്ങളെ എതിര്ക്കാന് കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്, മലേറിയ, കൊവിഡ് എന്നിവയെ എതിര്ക്കാനാവില്ല. അതുപോലെ സനാതന ധര്മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്ശം. സനാതന ധര്മ്മം എന്ന വാക്ക് സംസ്കൃതത്തില് നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു.