സുന്ദർബൻ തേൻ, കശ്മീരി കുങ്കുമം, ബനാറസി ദുപ്പട്ട: ജി20 നേതാക്കൾക്ക് മോദിയുടെ സമ്മാനങ്ങൾ

സമ്മാനങ്ങളിൽ 'ചായകളുടെ ഷാംപെയ്ൻ' എന്ന് അറിയപ്പെടുന്ന പെക്കോ ഡാർജിലിംഗും നീലഗിരി ചായയും ഉൾപ്പെടുന്നു

dot image

ന്യൂഡൽഹി: സെപ്റ്റംബർ പത്തിന് അവസാനിച്ച ജി20 ഉച്ചകോടിക്ക് എത്തിയ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത് വിലപിടിപ്പുളള സമ്മാനങ്ങളെന്ന് റിപ്പോർട്ട്. ഈ സമ്മാനങ്ങളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തേയും പാരമ്പര്യങ്ങളേയും പ്രതിനിധീകരിക്കുന്ന കരകൗശല വസ്തുക്കളുടെ ഒരു നിര തന്നെ ഉൾപ്പെടുന്നു.

സുന്ദർബൻ കണ്ടൽകാടുകളിൽ നിന്നുളള തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ദുപ്പട്ട, അറക്കു കോഫി, ഡാർജിലിംഗ് ചായ തുടങ്ങിയവയാണ് നേതാക്കന്മാർക്കായി പ്രധാനമന്ത്രി നൽകിയ സമ്മാനങ്ങൾ. വാരണാസിയുടെ സാംസ്കാരിക സമ്പന്നതയേയും നെയ്ത്ത് പാരമ്പര്യത്തേയും പ്രതിനിധീകരിക്കുന്നതാണ് ബനാറസി സിൽക്ക് ദുപ്പട്ട. സ്പെയ്ൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ മാര ബെഗോന ഗമെസ് ഫെർണാണ്ടസിന് ആണ് മോദി ബനാറസി സിൽക്ക് ദുപ്പട്ട സമ്മാനിച്ചത്. കേരളത്തിൽ നിന്നുളള ശിൽപികൾ കരിമരത്തിൽ പ്രത്യേകം നിർമ്മിച്ച ബോക്സിലാണ് സ്റ്റോൾ നൽകിയത്.

ലോകത്തിൽ ഏറ്റവും കൂടുതൽ വിലയുളള സുഗന്ധവ്യഞ്ജനമാണ് കശ്മീരി കുങ്കുമം. അതിന്റെ ഔഷധമൂല്യം കൊണ്ടാണ് കശ്മീരി കുങ്കുമം വിലമതിക്കപ്പെടുന്നത്. കശ്മീരിൽ നിന്നുള്ള പഷ്മിന ദുപ്പട്ടയും മോദി ജി20 നേതാക്കൾക്ക് സമ്മാനിച്ചിട്ടുണ്ട്. രാജകീയതയുടെ പ്രതീകമാണ് പഷ്മിന സ്റ്റോൾ. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ ഭാര്യ റോസാംഗല ഡ സിൽവയ്ക്ക് ആണ് പഷ്മിന ദുപ്പട്ട സമ്മാനിച്ചത്.

സുന്ദർബെൻ കണ്ടൽ കാടുകളിൽ നിന്നുളള തേൻ ആണ് അതിഥികൾക്ക് സമ്മാനിച്ച വിലപിടിപ്പുളള മറ്റൊന്ന്. ബംഗാൾ ഉൾക്കടലിൽ ഗംഗ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമസ്ഥാനത്ത് രൂപം കൊണ്ട ഡെൽറ്റയാണ് സുന്ദർബെൻ ഡെൽറ്റ. അവിടെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമാണ് സുന്ദർബെൻസ്. തേനീച്ചകളുടെ വലിയ കോളനികൾ തന്നെ ഇവിടെയുണ്ട്.

മോദി നൽകിയ മറ്റൊരു വിലപിടിപ്പുളള സമ്മാനമാണ് ഘടനയ്ക്കും രുചികൾക്കും പേരുകേട്ട അറക്കു കോഫി. ആന്ധ്രാപ്രദേശിലെ അരക്കു താഴ്വരയിലെ ജൈവ തോട്ടങ്ങളിൽ വളരുന്ന ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ് ചെയ്ത കാപ്പിയാണ് അറക്കു കോഫി. താഴ്വരയിലെ സമ്പന്നമായ മണ്ണിന്റെയും മിതശീതോഷ്ണ കാലാവസ്ഥയുടെയും സത്ത ഉൾകൊണ്ടതാണ് ഈ കാപ്പിക്കുരു.

മോദിയുടെ സമ്മാനങ്ങളിൽ 'ചായകളുടെ ഷാംപെയ്ൻ' എന്ന് അറിയപ്പെടുന്ന പെക്കോ ഡാർജിലിംഗും നീലഗിരി ചായയും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചായയാണ് ഡാർജിലിംഗ്. പശ്ചിമ ബംഗാളിലെ കുന്നുകളിൽ 3000-5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലച്ചെടികളുടെ ഇളം ഇലയിൽ നിന്നുമാണ് ഡാർജിലിംഗ് ടീ ഉണ്ടാകുന്നത്. ഇവയെ കൂടാതെ ഖാദി ദുപ്പട്ടയും ഇക്കാത്ത് ദുപ്പട്ടയും മോദി നൽകിയ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us